വേലിയേറ്റത്തെ തുടർന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് എപ്രിൽ 14 വരെ അപേക്ഷകൾ സമർപ്പിക്കാം. വൈപ്പിൻ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെയും കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എയുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.
അക്ഷയ സെൻ്ററുകൾ വഴി റവന്യൂ വകുപ്പിന്റെ എൽ.ആർ.ഡി പോർട്ടലിലാണ് ഇത് സംബന്ധിച്ച അപേക്ഷകൾ നൽകേണ്ടത്. എപ്രിൽ 24-നകം തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് കേടുപാടുകൾ പരിശോധിച്ച് എസ്റ്റിമേറ്റ് നൽകും. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം അനുവദിക്കുക.
മഴക്കാലത്തിനു മുന്നോടിയായി മണ്ഡലത്തിലെ വിവിധയിടങ്ങളിൽ വേലിയേറ്റം തടയുന്നതിന് വേണ്ട പ്രവർത്തനങ്ങൾ ഊർജിതമാക്കും. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേരുമെന്ന് കളക്ടർ പറഞ്ഞു. മൂന്ന് കോടി രൂപയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വേലിയേറ്റത്തെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ സ്ലൂയിസുകൾ നിർമ്മിക്കാനും നിലവിലുള്ളതിൻ്റെ നവീകരണ പ്രവർത്തനങ്ങൾ, പുറം ബണ്ട് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 23 തോടുകളുടെ പട്ടികയാണ് ജലസേചന വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്.
വേലിയേറ്റം ബാധിച്ചവർക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. അതാത് പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ് ക്യാമ്പുകൾ നടത്തുക. ഈ മാസം 20-നകം പൂർത്തിയാക്കാനാണ് നിർദ്ദേശം.
പൊക്കാളി നില വികസന ഏജൻസി തയ്യാറാക്കിയിട്ടുള്ള പ്രൊപ്പോസൽ പ്രകാരമുള്ള പ്രവർത്തനങ്ങളും വേഗത്തിൽ ആരംഭിക്കും. പ്രധാനമായും പൊക്കാളി കൃഷി കൂടുതലുള്ള പഞ്ചായത്തുകൾക്കാണ് ഇതിൻ്റെ ഗുണം ലഭിക്കുക. പാടങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് തടയാനും നീരൊഴുക്ക് സുഖമമാക്കാനുമുള്ള പ്രവർത്തനങ്ങളാണ് ചെയ്യുക. ഇതിനായി തോടുകളുടെ ആഴം വർധിപ്പിക്കുകയും സ്ലൂയിസുകളും പുറംബണ്ടുകളും നിർമ്മിക്കും. ഇത് സംബന്ധിച്ച് വിവരശേഖരണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ആറ് കോടിയോളം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
വൈപ്പിൻ മേഖലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് കടൽ തീരത്തിന് 50 മീറ്ററിന് പുറത്തുള്ളവരേയും പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിൻ്റെ സാധ്യതകൾ തേടുമെന്ന് എം.എൽ.എ പറഞ്ഞു. ഇതു സംബന്ധിച്ച് ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കാൻ പഞ്ചായത്ത് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വല്ലാർപാടം റിംഗ് ബണ്ട് റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനിച്ചു. ഇതിന് മുന്നോടിയായി സർവ്വേ നടത്തി അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കും. റവന്യൂ വകുപ്പിൻ്റെ സർവേയർമാർക്ക് പുറമേ ജിഡയുടെ (ഗോശ്രീ ദ്വീപ് വികസന അതോറിറ്റി) സർവേയർമാരുടെ സേവനവും ഉപയോഗപ്പെടുത്തും.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എ. സാജിത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.എസ് നിബിൻ, അസീന അബ്ദുൽ സലാം, എൻ.എസ് അക്ബർ, മിനി ഡേവിസ്, നീതു ബിനോദ്, മേരി വിൻസെൻ്റ്, വൈസ് പ്രസിഡൻ്റുമാരായ എ.എൻ ഉണ്ണിക്കൃഷ്ണൻ, കെ.എം സിനോജ് കുമാർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.