ബാലാവാകാശ നിയമങ്ങളെക്കുറിച്ച് സമൂഹത്തിൽ വ്യാപകമായ അവബോധം വളർത്തിയെടുക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങളും ഏജൻസികളും ഗൗരവത്തോടെ പ്രയത്നിക്കണമെന്ന് ഗവർണർ ജസ്റ്റീസ് പി സദാശിവം ആവശ്യപ്പെട്ടു. കേരള ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ സംഘടിപ്പിച്ച ബാലാവകാശ വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അവകാശങ്ങൾ ലഭ്യമാകുന്ന കാര്യത്തിൽ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും കുട്ടികൾ തമ്മിൽ വലിയ അന്തരമുണ്ട്. പാർശ്വവത്ക്കരിക്കപ്പെട്ടവരും അനാഥരും ചേരികളിൽ അധിവസിക്കേണ്ടി വരുന്ന കുട്ടികളും ഭിന്നശേഷിക്കാരും ഗോത്രവർഗക്കാരും കൂടുതൽ ശ്രദ്ധ ലഭിക്കേണ്ടവരാണ്. ഇത്തരം വിഭാഗക്കാരായ കുട്ടികൾക്ക് മികച്ച അവസരങ്ങൾ ലഭ്യമാക്കണം. ഇതിനായി സാമൂഹിക നീതി വകുപ്പിന് ആവശ്യമായ ബജറ്റ് വിഹിതം നീക്കിവയ്ക്കേണ്ടതുണ്ട്. ബന്ധപ്പെട്ട വകുപ്പും ജനപ്രതിനിധികളും കൂടുതൽ ഫണ്ട് വകയിരുത്താൻ പരിശ്രമിക്കണമെന്ന് ഗവർണർ നിർദ്ദേശിച്ചു. കുട്ടികളുടെ അവകാശങ്ങൾ ഒരു സ്ഥാപനത്തിലും നിഷേധിക്കുവാൻ പാടില്ല. എല്ലാ സ്കൂളിലും 25 പെൺകുട്ടികൾക്കും 40 ആൺകുട്ടികൾക്കും ഒരു ടോയ് ലെറ്റ് എന്ന നിലയിൽ ഉണ്ടാകണം. കേരളത്തിൽ ഈ നേട്ടം ഏറെക്കുറെ 100 ശതമാനം കൈവരിക്കാനായിട്ടുണ്ടെങ്കിലും പൂർണമായിട്ടില്ല. എം എൽ എ, എം പി പ്രാദേശിക വികസന ഫണ്ടിൽ ഒരു ഭാഗം സ്കൂളുകളിൽ ശുചിമുറികൾ നിർമ്മിക്കുന്നതിന് നീക്കിവയ്ക്കണം. സാനിറ്ററി പാഡ് വെൻഡിംഗ് മെഷിൻ സ്ഥാപിക്കുന്നതിനും ആധുനിക സൗകര്യത്തോടെ കുറഞ്ഞത് അഞ്ചു മുതൽ ഏഴുവരെ ശുചി മുറികൾ ഉണ്ടാക്കാൻ നടപടിയുണ്ടാകണം. ബജറ്റ് വിഹിതത്തിൽ ഉൾപ്പെടാത്ത പദ്ധതികൾ ഗ്രാമീണ ,അവികസിത മേഖലകളിൽ നടപ്പാക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും എം പിമാരുടെ പ്രദേശിക വികസന ഫണ്ടിലൂടെ കഴിയുമെന്ന തന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് എം പി ഫണ്ട് പദ്ധതിക്കെതിരെ അഞ്ചംഗ ഭരണഘടനാ ബഞ്ചിൽ വന്ന കേസിൽ സുപ്രീം കോടതി ജഡ്ജ് ആയിരിക്കെ അഭിപ്രായങ്ങൾ വ്യക്തമാക്കിയതെന്ന് ഗവർണർ അനുസ്മരിച്ചു.

