ഉത്സവ സീസണുകളിൽ വിപണി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിഷു, ഈസ്റ്റർ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ നി‌ർവഹിച്ചു. സാധാരണക്കാരായ ജനങ്ങളെ പരമാവധി സഹായിക്കുന്ന നിലപാടാണ് സപ്ലൈകോ എക്കാലവും സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തിരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്‌ലറ്റുകളിൽ ഏപ്രിൽ 19 വരെയാണ് ഉത്സവകാല ഫെയറുകൾ സംഘടിപ്പിക്കുന്നത്.

വിഷു-ഈസ്റ്റർ കാലയളവിലും ജനങ്ങൾക്ക് കൂടുതൽ ആശ്വാസമേകുന്ന നിലപാടാണ് സപ്ലൈകോ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.  അതിന്റെ ഭാഗമായി തുവര പരിപ്പിന്റെ വില 115 രൂപയിൽ നിന്ന് 105 രൂപയായും ഉഴുന്നിന്റെ വില 95 രൂപയിൽ നിന്നും 90 രൂപയായും വൻകടലയുടെ വില 69 രൂപയിൽ നിന്നും 65 രൂപയായും വൻപയറിന്റെ വില 79 രൂപയിൽ നിന്നും 75 രൂപയായും മുളക് 500 ഗ്രാമിന് 68.25 രൂപയിൽ നിന്നും 57.75 രൂപയായും കുറച്ചിട്ടുണ്ട്.  ഏപ്രിൽ 11 മുതൽ  തന്നെ വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക്  സപ്ലൈകോ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

ഭക്ഷ്യധാന്യങ്ങൾക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഒരു ഉപഭോക്തൃസംസ്ഥാനമായ കേരളത്തിൽ വിലക്കയറ്റത്തിന്റെ സ്വാധീനം വലിയ തോതിൽ അനുഭവപ്പെടേണ്ടതാണ്. എന്നാൽ സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമമായ വിപണി ഇടപെടൽ കാരണം വിലക്കയറ്റത്തിന്റെ രൂക്ഷത  കുറഞ്ഞ തോതിലാണ് കേരളത്തിൽ അനുഭവപ്പെടുന്നത്. സപ്ലൈകോ, കൺസ്യൂമർഫെഡ് മറ്റ് സഹകരണ സ്ഥാപനങ്ങൾ എന്നിവയിലൂടെ സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് ശക്തമായ ഇടപെടൽ നടത്തുന്നതു കൊണ്ടാണ് വിലക്കയറ്റത്തിന്റെ രൂക്ഷത കേരളത്തിൽ അനുഭവപ്പെടാത്തത്.

പ്രതിമാസം 35 ലക്ഷത്തിലധികം ജനങ്ങൾ സപ്ലൈകോ സ്ഥാപനങ്ങളുടെ ഉപഭോക്താക്കളാണ്.  സംസ്ഥാനത്ത് പഞ്ചായത്തിൽ ഒന്ന് എന്ന രീതിയിൽ ആരംഭിച്ച സപ്ലൈകോ മാവേലി സ്റ്റോറുകളും സൂപ്പർമാർക്കറ്റുകളും ഇന്ന് ഒരു പഞ്ചായത്തിൽ രണ്ടും മൂന്നും ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. സപ്ലൈകോ സ്ഥാപിതമായിട്ട് 50 വർഷങ്ങൾ പൂർത്തിയാകുന്നു. സുവർണ്ണജൂബിലിയോടനുബന്ധിച്ച് സപ്ലൈകോ നവീകരിക്കുന്നതിനുള്ള നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ നടന്ന ചടങ്ങിൽ ആന്റണി രാജു എം.എൽഎ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ. രാജു, സപ്ലൈകോ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.