പൂവച്ചൽ കരിയംകോട് പ്രദേശത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന പന്നി ഫാമുകൾ അടച്ചുപൂട്ടാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ, അംഗം ഡോ. എഫ്. വിൽസൺ എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഫാമുകളുടെ പ്രവർത്തനം കുട്ടികൾക്ക് ആരോഗ്യകരമായ അന്തരീക്ഷത്തിൽ ജീവിക്കുവാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ്.
പൂവച്ചൽ, കാട്ടാക്കട, വിളപ്പിൽശാല ഗ്രാമപഞ്ചായത്തുകളിൽ ലൈസൻസില്ലാത്ത ഫാമുകൾ പ്രവർത്തിക്കുന്നില്ലായെന്ന് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും ഉറപ്പുവരുത്തേണ്ടതാണ്. അനധികൃത പന്നി ഫാമുകൾക്കായി കൊണ്ടുവരുന്ന വേസ്റ്റുകൾ കർശനമായി നിയന്ത്രിക്കാൻ പോലീസ് നടപടി സ്വീകരിക്കണം. കമ്മിഷന്റെ ശുപാർശകൾ നടപ്പിലാക്കുന്നതിന് ആവശ്യമെങ്കിൽ പഞ്ചായത്ത് സെക്രട്ടറിമാർക്ക് കാട്ടാക്കട പോലീസ് സൂപ്രണ്ട് സംരക്ഷണം ഉറപ്പുവരുത്തണം. ഫാമുകളുടെ സമീപത്തുള്ള കുട്ടികൾക്ക് വിവിധ രോഗങ്ങൾ ബാധിക്കുവാനുള്ള സാഹചര്യമുണ്ടെന്ന് ജില്ലാ മെഡിക്കൽ ടീം കണ്ടെത്തിയിട്ടുള്ളത് കമ്മിഷൻ ഗൗരവമായാണ് കാണുന്നത്. കമ്മിഷന്റെ ഉത്തരവിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 30 ദിവസത്തിനകം സമർപ്പിക്കാനും കമ്മിഷൻ നിർദ്ദേശിച്ചു.
പൂവച്ചലിൽ അനധികൃതവും അശാസ്ത്രീയവുമായി 15 ഓളം പന്നി ഫാമുകൾ പ്രവർത്തിക്കുന്നു. മറ്റ് സ്ഥലങ്ങളിൽ നിന്നും ഭക്ഷണാവശിഷ്ടം, കോഴി മാലിന്യം, തുടങ്ങിയവ കൊണ്ടുവരുന്നു. ഫാമിൽ നിന്നും അമിതമായ ദുർഗന്ധം, ഈച്ച, കൊതുക്, നായ്ക്കൾ തുടങ്ങിയവയുടെ ശല്യം. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതു കാരണം ശരീരത്തിൽ ചൊറിച്ചിൽ, കുഞ്ഞുങ്ങൾക്ക് ശ്വാസംമുട്ടൽ, ദുർഗന്ധം മൂലം കുട്ടികൾക്ക് പഠിക്കാനും ഭക്ഷണം കഴിക്കാനും കഴിയാത്ത അവസ്ഥയും സംബന്ധിച്ച് കട്ടയ്ക്കോട് ജനകീയ സമരസമിതി പ്രസിഡന്റ് ഡേവിഡ്സൺ നൽകിയ പരാതിയിന്മേലാണ് കമ്മിഷന്റെ ഉത്തരവ്.