മത്സ്യസമ്പത്തിന്റെ സംരക്ഷണവും തീരദേശവികസനവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച ‘ശുചിത്വസാഗരം, സുന്ദര തീരം’ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഏപ്രിൽ 11 ന് സംസ്ഥാനത്തെ 590 കി. മീ. തീരപ്രദേശത്ത് ഏകദിന ജനകീയ പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിക്കും. രാവിലെ 8 മുതൽ 11 വരെ സംഘടിപ്പിക്കുന്ന പ്ലാസ്റ്റിക് നിർമാർജന യജ്ഞത്തിൽ 12,000 സന്നദ്ധപ്രവർത്തകരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 11ന് രാവിലെ 8ന് ശംഖുമുഖം ബീച്ചിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. തീരദേശത്ത് 47 നിയോജക മണ്ഡലങ്ങളിലും ഉദ്ഘാടന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
പ്ലാസ്റ്റിക് നിർമാർജന യജ്ഞത്തിനായി തീരപ്രദേശത്തെ ജനസാന്ദ്രത കൂടിയ 482 ആക്ഷൻ കേന്ദ്രങ്ങൾ കണ്ടെത്തി മാപ്പ് ചെയ്തിട്ടുണ്ട്. ഓരോ ആക്ഷൻ കേന്ദ്രങ്ങളിലും 25 സന്നദ്ധപ്രവർത്തരെ വീതം കണ്ടെത്തി പരിശീലനം നൽകി വരികയാണ്. തീരദേശത്ത് നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം തദ്ദേശവകുപ്പ്, ശുചിത്വമിഷൻ എന്നിവക്ക് കൈമാറി പുനരുപയോഗിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
‘ശുചിത്വ സാഗരം, സുന്ദര തീരം’ പദ്ധതിയുടെ ഭാഗമായി 590 കി. മീ. തീരദേശത്ത് 1200 ഓളം ബോട്ടിൽ ബൂത്തുകളും സ്ഥാപിക്കും. 100 ബോട്ടിൽ ബൂത്തുകൾ തീരദേശത്തെ ഒമ്പത് ജില്ലകളിൽ ജനസാന്ദ്രത കൂടിയ തീരപ്രദേശങ്ങളിൽ (ബീച്ചുകൾ, ഹാർബറുകൾ, ലാന്റിംഗ് സെന്ററുകൾ) സ്ഥാപിക്കും.
പരിപാടിയുടെ ഭാഗമായി ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന തീരദേശ ജില്ലയ്ക്കും ഓരോ ജില്ലയിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മുഖ്യമന്ത്രിയുടെ എവറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നൽകും. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള ‘ശുചിത്വ സാഗരം, സുന്ദരതീരം’ പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്. ബോധവത്കരണ പ്രവർത്തനങ്ങളാണ് ഒന്നാം ഘട്ടത്തിൽ നടപ്പിലാക്കിയത്. 2022 ജൂൺ 8ന് സംസ്ഥാനതല ഉദ്ഘാടനത്തോടുകൂടിയാണ് ഒന്നാംഘട്ടമായ ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചത്. രണ്ടാംഘട്ടമാണ് ഏപ്രിൽ 11ന് നടക്കുന്നത്.
പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സംസ്ഥാനതല, ജില്ലാതല, തദ്ദേശസ്വയംഭരണ സ്ഥാപനതല കോ-ഓർഡിനേഷൻ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, സാഫ്, വിനോദസഞ്ചാര വകുപ്പ്, പരിസ്ഥിതി വകുപ്പ്, ഹാർബർ എൻജിനീയറിംഗ് വകുപ്പ്, മത്സ്യഫെഡ്, യൂത്ത് മിഷൻ, ഹരിതകേരള മിഷൻ, ഹരിതകർമ്മ സേന, നെഹ്റു യുവകേന്ദ്ര, കുടുംബശ്രീ, എൻ.സി.സി, എൻ.എസ്.എസ്., കെ.എസ്.സി.എ.ഡി.സി, യുവജനക്ഷേമ ബോർഡ്, മത്സ്യ ബോർഡ്, കുഫോസ്, എം.പി.ഇ.ഡി.എ-നെറ്റ്ഫിഷ്, മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയനുകൾ, ബോട്ട് ഉടമ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, സാമുദായിക, സാംസ്‌കാരിക സംഘടനകൾ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഫിഷറീസ് വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും പ്രാദേശിക അടിസ്ഥാനത്തിൽ വ്യാപകമായ പ്രചരണവും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു വരുകയാണ്.
പദ്ധതിയുടെ മൂന്നാം ഘട്ടം എന്ന നിലയിൽ ഹാർബറുകൾ കേന്ദ്രീകരിച്ചു കടലിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യ ശേഖരണവും അതിന്റെ പുനരുപയോഗവും തുടർ കാമ്പയിനും സംഘടിപ്പിക്കും. നീണ്ടകര കേന്ദ്രീകരിച്ചു മത്സ്യബന്ധന ബോട്ടുകൾ കൊണ്ടുവരുന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്‌കരിച്ച് പുനരുപയോഗിക്കുന്ന സംവിധാനം വിജയകരമായി ഇപ്പോൾ പ്രവർത്തിച്ചു വരുന്നുണ്ട്. ഈ സംവിധാനം സംസ്ഥാനത്തെ 27 ഹാർബറുകളിലേക്കും മൂന്നാം ഘട്ടത്തിൽ വ്യാപിപ്പിക്കും. സംസ്ഥാനത്തെ കടലിനെയും കടൽതീരത്തെയും പൂർണമായും പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള ബൃഹത് പദ്ധതിയാണിത്.