കേരളത്തെ സാഹസിക ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
സാഹസിക കായിക ടൂറിസത്തിന്റെ അനന്തസാധ്യതകൾ പരിചയപ്പെടുത്തുന്ന അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവലിന് വർക്കലയിൽ തുടക്കമായി. ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം വെറ്റക്കട ബീച്ചിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. കേരളത്തെ സാഹസിക ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും കേരളത്തിൽ സാഹസിക ടൂറിസത്തിന് വലിയ ഉണർവാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വർക്കല ലോകത്തിലെ മികച്ച സർഫിംഗ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. സർഫിംഗിൽ തുടക്കക്കാരായവർക്ക് പരിശീലിക്കുന്നതിന് നിരവധി കേന്ദ്രങ്ങൾ വർക്കലയിൽ ഉണ്ട്. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർഫിംഗ് സെന്റർ ആരംഭിച്ചു. സാഹസിക ടൂറിസത്തിന് ഇപ്പോൾ ആളുകൾ വലിയ താത്പര്യം കാണിക്കുന്നുണ്ട്. ഭയത്തോടെ സാഹസിക ടൂറിസത്തെ സമീപിക്കരുത്. നവീന ആശയങ്ങൾ വർക്കലയിൽ നടപ്പിൽ വരുത്താൻ ശ്രമിക്കുമ്പോൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി വികസനത്തെ തകർക്കാനുള്ള ശ്രമം നടക്കുന്നു. വർക്കല ബീച്ചുകളെ വികസിപ്പിക്കുന്നതിന് സർക്കാർ എടുത്ത തീരുമാനങ്ങളിൽ നിന്ന് പിന്നോട്ടില്ല.
ടൂറിസത്തിന്റെ ട്രെൻഡ് മാറുകയാണ്. ലോകശ്രദ്ധ പിടിച്ചുപറ്റിയ നിരവധി സാഹസിക ടൂറിസം ഫെസ്റ്റിവലുകൾ കേരളത്തിൽ സംഘടിപ്പിച്ചു. സാഹസികതയുടെ നൂതന തലങ്ങളിൽ, വൈവിധ്യ ആശയങ്ങൾ നടപ്പിലാക്കാനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്. കേരളത്തിൽ നടക്കുന്ന ഉത്സവങ്ങളുടെ വിവരങ്ങൾ അറിയുന്ന ഡിജിറ്റൽ ഇവന്റ് കലണ്ടർ പ്രകാശനം നടത്തിയെന്നും മന്ത്രി പറഞ്ഞു.
കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് സർഫിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, തിരുവനന്തപുരം ഡി.ടി.പി.സിയുമായി സഹകരിച്ച് സര്‍ഫിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, അന്താരാഷ്ട്ര സര്‍ഫിംഗ് അസോസിയേഷന്‍ എന്നിവരുടെ സാങ്കേതിക സഹായത്തോടെയാണ് മത്സരങ്ങള്‍ നടത്തുന്നത്.
നാഷണല്‍ ഓപ്പണ്‍, ഇന്റര്‍നാഷണല്‍ ഓപ്പണ്‍ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കും. ഇന്ത്യയ്ക്കകത്തും പുറത്തു നിന്നുമായി 60 അത്‌ലറ്റുകള്‍ പങ്കെടുക്കുന്നുണ്ട്. ഏപ്രിൽ 11 മതൽ 13 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 11:30 വരെയാണ് മത്സരങ്ങൾ നടത്തുന്നത്. വിജയികൾക്ക് രണ്ട് ലക്ഷം രൂപ സമ്മാനമായി ലഭിക്കും.
ടൂറിസം വകുപ്പുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ഫിംഗ് സ്‌കൂളുകളില്‍ നിന്നുള്ള സര്‍ട്ടിഫൈഡ് ഇന്‍സ്ട്രക്ടര്‍മാരില്‍ നിന്ന് 50 പേര്‍ക്ക് സൗജന്യമായി സര്‍ഫിംഗ് പരിശീലനം നേടാനുള്ള അവസരവും ഫെസ്റ്റിവലിൽ ഒരുക്കുന്നുണ്ട്.
വി. ജോയി എം.എല്‍.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി, ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീർ, ഇടവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക്, ടൂറിസം അഡീഷണൽ സെക്രട്ടറി വിഷ്ണു രാജ്. പി, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി സി.ഇ.ഒ. ബിനു കുര്യാക്കോസ്, തിരുവനന്തപുരം ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിറാൻഡ എന്നിവര്‍ പങ്കെടുത്തു.