വിദേശ താരങ്ങള്‍ ഉൾപ്പെടെ 50-ലധികം കായികതാരങ്ങൾ പങ്കെടുത്ത് മൂന്ന് ദിവസങ്ങളില്‍ നാല് വ്യത്യസ്ത വിഭാഗങ്ങളായി വര്‍ക്കല വെറ്റകട ബീച്ചില്‍ നടന്ന രണ്ടാമത് അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവൽ സമാപിച്ചു.

മത്സരത്തിൽ മെന്‍സ് ഓപ്പണില്‍ 11-ന് എതിരെ 13 പോയിന്റിന് കിഷോര്‍ കുമാര്‍ വിജയിച്ചു. വിമന്‍സ് ഓപ്പണില്‍ ഷുഗര്‍ ശാന്തി ബനാര്‍സെ വിജയിയായി. ഗ്രോംസ് 16 ആന്‍ഡ് അണ്ടര്‍ ബോയ്‌സ് വിഭാഗത്തില്‍ 7.64 പോയിന്റിനെതിരെ 13.84 പോയിന്റുമായി ഹരീഷ് പി വിജയിയായി. ഇതോടനുബന്ധിച്ച് നടന്ന ഇന്റര്‍നാഷണല്‍ അലോഹ ടാഗ് ടീം മത്സരത്തില്‍ 17.37 പോയിന്റോടുകൂടി ടീം പേഴ്‌സി വിജയിച്ചു.

ഇന്ത്യയില്‍, കായിക വിനോദമായ സര്‍ഫിംഗിനെ പ്രോത്സാഹിപ്പിക്കുകയും കേരളത്തെ ഇന്ത്യയിലെ പ്രധാന സര്‍ഫിംഗ് ഡെസ്റ്റിനേഷനാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.

ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെ.എ.ടി.പി.എസ്), തിരുവനന്തപുരം ഡി.ടി.പി.സിയുമായി സഹകരിച്ച്, സര്‍ഫിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എസ്.എഫ്.ഐ), അന്താരാഷ്ട്ര സര്‍ഫിംഗ് അസോസിയേഷന്‍ (ഐഎസ്എ) എന്നിവരുടെ സാങ്കേതിക പിന്തുണയോടെയായിരുന്നു ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

സമാപന ചടങ്ങില്‍ ചലച്ചിത്ര താരവും സര്‍ഫിംഗ് അത്ലറ്റുമായ സുദേവ് സമ്മാനദാനം നിര്‍വഹിച്ചു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്, , തിരുവനന്തപുരം ഡിടിപിസി സെക്രട്ടറി സതീഷ് മിറാണ്ട, കെ.എ.ടി.പി.എസ് സി.ഇ.ഒ ബിനു കുരിയാക്കോസ്, ചീഫ് ജഡ്ജ് റോര്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രധിനിധികളായ റാം മോഹന്‍, നവാസ് എന്നിവര്‍ പങ്കെടുത്തു.