കേരളീയ ജനതയുടെ ഒത്തൊരുമയും ഐക്യവുമാണ് പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നൽകിയത്: മുഖ്യമന്ത്രി

കേരളം നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നൽകിയത് നാടിന്റെ ഒത്തൊരുമയും ഐക്യവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെയും ‘എന്റെ കേരളം’ പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം കാസർകോട് കാലിക്കടവ് മൈതാനത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016 ൽ തകർന്നടിഞ്ഞു കിടന്ന നാടിന്റെ ഭരണസാരഥ്യമാണ് ജനങ്ങൾ സർക്കാരിനെ ഏൽപ്പിച്ചത്. നാടിനെ കാലോചിതമായി മാറ്റി വികസനം ഉറപ്പുവരുത്തുക എന്ന ദൗത്യവുമായി മുന്നോട്ട് പോയപ്പോൾ ഒന്നിനുപുറകെ ഒന്നായി ഉണ്ടായ പ്രകൃതി ദുരന്തങ്ങൾ, പകർച്ചവ്യാധികൾ, നൂറ്റാണ്ടിലെ മഹാ പ്രളയം, കോവിഡ് തുടങ്ങിയ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നൽകിയത് നാടിന്റെ ഒത്തൊരുമയും ഐക്യവും ആണ്. ഇത്തരം പ്രതിസന്ധികൾ ഉണ്ടായപ്പോൾ സംസ്ഥാനത്തിന്റെ കൂടെ നിന്ന് അതിജീവനം നേടാൻ സഹായിക്കാൻ ബാധ്യതയുള്ളവർ ഒരു ഘട്ടത്തിലും ആവശ്യമായ സഹായം നൽകിയില്ല. നിഷേധാത്മക നിലപാട് സ്വീകരിക്കുകയും ലഭിക്കാൻ സാധ്യതയുള്ള സഹായങ്ങൾ അധികാരം ഉപയോഗിച്ച് തടയുകയും ചെയ്തു.

എന്നാൽ, ജനങ്ങൾ സർക്കാരുമായി സഹകരിച്ച് നിലപാടെടുത്തതിനാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. രാജ്യവും ലോകവും ആശ്ചര്യപൂർവ്വം കേരളത്തിന്റെ അതിജീവനം നോക്കിക്കണ്ടു. എല്ലാ സഹായവും നിഷേധിച്ച കേന്ദ്രസർക്കാരിൽ നിന്നുതന്നെ കേരളത്തിന്റെ മികവിനുള്ള പുരസ്കാരങ്ങൾ ഒന്നിനുപുറകെ ഒന്നായി വാങ്ങിക്കാൻ കഴിഞ്ഞു. സംസ്ഥാന സർക്കാരിനെ ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത് ആകാവുന്ന രീതിയിൽ പുരോഗതിയിലേക്ക് നയിക്കാനാണ് ശ്രമിച്ചത്.

കേരളത്തിൽ നടപ്പിലാക്കില്ലെന്ന് കരുതിയിരുന്ന പല പദ്ധതികളും സർക്കാരിന് നടപ്പിലാക്കാൻ സാധിച്ചു.2016 ൽ ഉണ്ടായിരുന്നതിനേക്കാൾ റോഡുകൾ വികസിച്ചു. റോഡ് നിർമ്മാണ പ്രവൃത്തികൾ പൂർണ്ണതയിലേക്ക് എത്തി. ദേശീയപാതാ വികസനം യാഥാർത്ഥ്യമാകുന്നതോടെ അധികം സമയനഷ്ടമില്ലാതെയുള്ള സഞ്ചാരവും സാധ്യമാവും. ഗെയിൽ പൈപ്പ്‌ലൈൻ, സിറ്റി ഗ്യാസ് പദ്ധതി, ഇടമൺ- കൊച്ചി പവർ ഹൈവേ, ഗ്രീൻഫീൽഡ് ഹൈവേ, മലയോര ഹൈവേ, തീരദേശ ഹൈവേ, കോവളം- ബേക്കൽ ജലപാത തുടങ്ങി നാടിന്റെ മാറ്റം ആരെയും കൊതിപ്പിക്കുന്നതാണ്. കേരളത്തിന്റെ പ്രകൃതി ഭംഗിയോടൊപ്പം പശ്ചാത്തല സൗകര്യവും വികസിക്കുന്നു. 60 ലക്ഷം പേർക്ക് 1600 രൂപ ക്ഷേമപെൻഷൻ നൽകിവരുന്നു. വിദ്യാഭ്യാസം,ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, കൃഷി തുടങ്ങിയ സമസ്ത മേഖലകളിലും കേരളം പുരോഗതിയുടെ പാതയിലാണ്.

നെൽവയലിന്റെ വിസ്തീർണ്ണം വർദ്ധിച്ചു. കിടപ്പാടം സ്വപ്നം കണ്ടവർക്ക് ലൈഫ് പദ്ധതി വഴി നാലുലക്ഷം വീടുകൾ കൊടുത്തു. നാല് ലക്ഷത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്തു. ഏതു മേഖലയിൽ നോക്കിയാലും മാറ്റത്തിന്റെയും പുരോഗതിയുടെയും ചിത്രമാണ് കേരളത്തിന്റേത്.നാലാം വാർഷികാഘോഷത്തിന് കാസർകോട് ജില്ലയെ തിരഞ്ഞെടുക്കാനുള്ള ഒരു കാരണം കേരള വികസനത്തിന് ഭദ്രമായ അടിത്തറയിട്ട ഒന്നാം ഇടതുപക്ഷ സർക്കാരിനെ നയിച്ച ഇ.എം.എസ് പ്രതിനിധാനം ചെയ്ത മണ്ഡലമായ നീലേശ്വരം ഈ ജില്ലയിൽ ആയതുകൊണ്ടാണ്. തീർച്ചയായും അത് അഭിമാനമുളവാക്കുന്ന കാര്യമാണ്.

നവകേരള സൃഷ്ടിയിൽ വികസനത്തിൽ എണ്ണി പറയേണ്ട നാഴികക്കല്ലുകൾ ഉണ്ട്. ഇനിയും അത് തുടരുന്നതിനായി മുഖ്യമന്ത്രി ജനങ്ങളിൽ നിന്ന് സഹകരണവും പിന്തുണയും അഭ്യർത്ഥിച്ചു.