മലമ്പനി നിവാരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് മലമ്പനി (മലേറിയ) നിവാരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2027 ഓടെ മലമ്പനി നിവാരണം സാധ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്ന തൊഴിലാളികളിലും യാത്രക്കാരിലും കണ്ടെത്തുന്ന മലമ്പനി ഒരു പ്രധാന വെല്ലുവിളിയാണ്. അത് മുന്നിൽ കണ്ടുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മലമ്പനി രോഗപ്രതിരോധത്തെ സംബന്ധിച്ച ബോധവത്കരണം ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മലമ്പനിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും മലമ്പനി നിവാരണത്തിനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് എല്ലാ വർഷവും മലമ്പനി ദിനാചരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. മലമ്പനി നിവാരണം യാഥാർത്ഥ്യമാക്കാം: പുനർനിക്ഷേപിക്കാംപുനർവിചിന്തനം നടത്താംപുനരുജ്ജ്വലിപ്പിക്കാം‘ എന്നതാണ് ഈ വർഷത്തെ പ്രമേയം.

ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ ഏപ്രിൽ 25 രാവിലെ 10.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. സംസ്ഥാനത്ത് മലമ്പനി നിവാരണ പ്രവർത്തനങ്ങൾക്കൊപ്പം മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും കൊതുക് നിവാരണ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പ് ശക്തിപ്പെടുത്തും.

മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന തോത് കണക്കാക്കുന്ന ആനുവൽ പാരസൈറ്റ് ഇൻഡക്സ് ഒന്നിൽ കുറവുള്ള കാറ്റഗറി 1 സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഉൾപ്പെടുന്നത്. കേരളത്തിൽ 2024ലെ ആനുവൽ പാരസൈറ്റ് ഇൻഡക്സ് 0.027 ആണ്. അതായത് 1000 ജനസംഖ്യക്ക് 0.027 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ മാത്രമാണ് കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ തദ്ദേശീയമായി മലമ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1019 തദ്ദേശ സ്ഥാപനങ്ങൾ മലമ്പനി നിവാരണത്തിന് അരികിലാണ്. കൃത്യമായ പ്രവർത്തനങ്ങളിലൂടെ മലമ്പനി നിവാരണം യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തുടനീളം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മലമ്പനി സംബന്ധിച്ച ബോധവത്കരണ പരിപാടികൾക്കൊപ്പം മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഏകോപനവും സംഘടിപ്പിക്കും.