സിവിൽ സർവീസ് സാധാരണക്കാരെ സഹായിക്കാനുള്ള അവസരം: മന്ത്രി ആർ ബിന്ദു

സംസ്ഥാന സിവിൽ സർവീസ് അക്കാദമിയിൽ പഠിച്ച് ഉന്നത വിജയം നേടിയ റാങ്ക് ജേതാക്കളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ആശയവിനിമയം നടത്തി. സമൂഹത്തിലെ സാധാരണക്കാരെ സഹായിക്കാനുള്ള അവസരമാണ് സിവിൽ സർവീസെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിന്റെ വികസന മാതൃകയ്ക്ക് ലോകത്താകമാനം അംഗീകാരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നമ്മുടെ സംസ്ഥാനത്തു നിന്നുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥർ കേരളത്തിന്റെ മികവ് കാട്ടേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളിലുള്ളവർ വളരെ ബഹുമാനത്തോടെയാണ് കേരളത്തിൽനിന്നുള്ള ഉദ്യോഗസ്ഥരെ പരിഗണിക്കുന്നത്. ഉദ്യോഗസ്ഥർ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും വിഭവങ്ങളുടെ വിതരണത്തിലടക്കം നീതിപൂർവകമായ സമീപനം സ്വീകരിക്കുകയും വേണം.  ഇത്തരത്തിൽ വലിയ ഉത്തരവാദിത്തമാണ് റാങ്ക് ജേതാക്കളുടെ മുന്നിലുള്ളതെന്നും മന്ത്രി പറഞ്ഞു.

റാങ്ക് ജേതാക്കളെ മുഖ്യമന്ത്രി ആദരിക്കുന്ന പരിപാടി ഉടൻതന്നെ സംഘടിപ്പിക്കുമെന്നും അതിൽ രക്ഷിതാക്കളെക്കൂടി ക്ഷണിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. റാങ്ക് ജേതാക്കളെ മന്ത്രി ആദരിച്ചു. സംസ്ഥാന സിവിൽ സർവീസ് അക്കാദമി ഡയറക്ടർ മാധവിക്കുട്ടി എം.എസ് വിജയികളെ മന്ത്രിക്ക് പരിചയപ്പെടുത്തി.

2024 ലെ സിവിൽ സർവീസ് പരീക്ഷയിൽ സംസ്ഥാന സിവിൽ സർവീസ് അക്കാദമിയിൽ പഠിച്ച 43 പേർക്ക് മികച്ച റാങ്കുകൾ നേടാനായി.