മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സംസ്ഥാന വ്യാപകമാകും: മന്ത്രി ജെ. ചിഞ്ചുറാണി

മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെയും മൊബൈൽ സർജറി യൂണിറ്റുകളുടെയും ഫ്ലാഗ് ഓഫ് ചടങ്ങിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. വിവിധ ഘട്ടങ്ങളിലായി വെറ്ററിനറി മൊബൈൽ യൂണിറ്റുകൾ സംസ്ഥാന വ്യാപകമാക്കുമെന്ന് മന്ത്രി പറഞ്ഞു.

കർഷകർക്ക് വീട്ടുപടിക്കൽ മൃഗചികിത്സാ സേവനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത് 2023 ജനുവരിയിൽ 29 ബ്ലോക്കുകളിൽ ആരംഭിച്ച പദ്ധതിയുടെ തുടർച്ചയായിട്ടാണ് റീബിൽഡ് കേരളാ പദ്ധതിയിൽ ഉൾപ്പെടുത്തി ബാക്കിയുള്ള ബ്ലോക്കുകളിൽ കൂടി മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സജ്ജീകരിച്ചിരിക്കുന്നത്. 3.11 കോടി രൂപ വിലവരുന്ന 59 മൊബൈൽ യൂണിറ്റുകളാണ് നിലവിൽ പ്രവർത്തനം ആരംഭിക്കുന്നത്. അടുത്തടുത്ത ബ്ലോക്ക് പഞ്ചായത്തുകൾക്ക് സേവനം പങ്കു വെക്കാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ വിന്യാസം ക്രമീകരിച്ചിരിക്കുന്നത്.

24 മണിക്കൂറും സജീവമായ 1962 എന്ന ടോൾ ഫ്രീ നമ്പറിലുള്ള കേന്ദ്രീകൃത കാൾ സെന്റർ സംവിധാനത്തിലൂടെയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ സേവനം കർഷകരുടെ വീട്ടുപടിയ്ക്കൽ സാധ്യമാകുന്നത്. ജി.പി.എസ് സംവിധാനത്തിലൂടെ യൂണിറ്റുകളുടെ സ്ഥാനം കൃത്യമായി നിയന്ത്രിക്കാൻ കഴിയുമെന്ന പ്രത്യേകതയുണ്ട്. പ്രത്യേക പരിശീലനം നേടിയ വെറ്ററിനറി ഡോക്ടർമാരും ഡ്രൈവർ കം അറ്റൻഡർമാരും മൊബൈൽ യൂണിറ്റുകളിൽ ഉണ്ടാവും. മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ പ്രവർത്തന സമയം വൈകിട്ട് 6 മണി മുതൽ രാവിലെ 5 മണി വരെയും മൊബൈൽ സർജറി യൂണിറ്റുകളുടേത് രാവിലെ 10 മുതൽ വൈകിട്ട് 5 വരെയുമാണ് ക്രമീകരിച്ചിട്ടുള്ളത്. നിശ്ചയിച്ചിട്ടുള്ള നിരക്കുകളുടെ അടിസ്ഥാനത്തിലാണ് മൊബൈൽ യൂണിറ്റുകളുടെ സേവനം കർഷകർക്ക് നൽകുന്നത്. കന്നുകാലികൾക്ക് 450 രൂപ,  അരുമമൃഗങ്ങൾക്ക് 950, ആടുകളുടെ പ്രസവ ചികിത്സയ്ക്ക് 1450, കന്നുകാലികളിലെ കൃത്രിമ ബീജ ദാനത്തിന് അധികം 50 രൂപ എന്ന നിരക്കിലാണ് സേവനം.

പുതുതായി ആരംഭിക്കുന്ന 12 മൊബൈൽ സർജറി യൂണിറ്റുകൾ വിവിധ ജില്ലകളിലെ വെറ്ററിനറി കേന്ദ്രങ്ങളിലാണ് സ്ഥാപിക്കുന്നത്. കണ്ണൂർ, എറണാകുളം ജില്ലയിൽ നിലവിൽ പ്രവർത്തിയ്ക്കുന്ന ടെലിവെറ്ററിനറി യൂണിറ്റുകളുടെ പ്രവർത്തനം ഈ പദ്ധതിയുമായി ഏകോപിപ്പിക്കുന്നതോടെ എല്ലാ ജില്ലകളിലും മൊബൈൽ സർജറി യൂണിറ്റിന്റെ സേവനം ലഭ്യമാകും. ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 6 ആശുപത്രികളിൽ മുൻകൂട്ടി നിശ്ചയിച്ച ദിവസങ്ങളിൽ സർജറി യൂണിറ്റുകൾ എത്തിച്ചേരുകയും ആശുപത്രികളിൽ നിശ്ചയിക്കുന്ന സർജറികൾ നടത്തുകയും ചെയ്യുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ജില്ലാ മൃഗസംരക്ഷണ ഓഫീസർമാരുടെ നേതൃത്വത്തിൽ മൊബൈൽ യൂണിറ്റുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് ഓരോ ജില്ലയിലും ടീമിനെ നിയോഗിച്ചിട്ടുണ്ട്.  മൊബൈൽ സേവനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനും സംസ്ഥാന തലത്തിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് കോർഡിനേഷൻ സെൽ പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യും.

പാലുൽപ്പാദന രംഗത്ത് കേരളം സ്വയം പര്യാപ്തതയിലെത്തുന്നു എന്നത് അഭിമാനകരമാണ്. അധികാരത്തിലെത്തിയപ്പോൾ തന്നെ 6 രൂപ വില വർധിപ്പിച്ച് ക്ഷീര കർഷകർക്ക് ആശ്വാസം നൽകുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന വില പാലിന് കേരളത്തിലാണ് എന്നതും ശ്രദ്ധേയമാണ്. 95 ശതമാനം സങ്കരയിനം പശുക്കളാണ് കേരളത്തിന്റെ മറ്റൊരു പ്രത്യേകത. ഉയർന്ന പാലുൽപ്പാദന ശേഷിയുള്ള ഇത്തരം പശുക്കളുടെ വ്യാപനം ഈ മേഖലയിലെ മുന്നേറ്റത്തിന് കാരണമായി. ക്ഷീരമേഖലക്ക് ആവശ്യമായ ബീജങ്ങളുടെ ഉൽപ്പാദനത്തിലും കരുതലിലും കേരളം മാതൃക തീർത്തു. ബീജ സങ്കലനത്തിലൂടെ പശുക്കളെ മാത്രം ഉൽപ്പാദിപ്പിക്കുന്ന രീതി കർഷകർക്ക് കൂടുതൽ സഹായകരമായി. യുവജനതയടക്കം കൂടുതൽ പേർ ക്ഷീരോൽപ്പാദന അനുബന്ധ മേഖലകളിലേക്ക് എത്തുന്നുണ്ട്. ഇവർക്ക് സാമ്പത്തിക സഹായം നൽകുന്നതിന് കേരള ബാങ്ക് പലിശ രഹിത വായ്പ നൽകി വരുന്നു. മൂല്യവർധിത ഉൽപ്പന്നങ്ങൾ, പാൽപ്പൊടി നിർമാണം എന്നിവക്ക് മിൽമയുമായി സഹകരിച്ച് പുതിയ സംരഭങ്ങൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. തീറ്റപ്പുൽ കൃഷിയുടെ പ്രോൽസാഹനവും ഇൻഷുറൻസ് പരിരക്ഷയുമടക്കം നൽകി ക്ഷീരകർഷകർക്ക് പരമാവധി പിൻതുണ നൽകുകയാണ് സംസ്ഥാന സർക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു.

സഹകരണ പ്രസ്ഥാനത്തിന്റെയടക്കം ജനകീയമായ ഇടപെടലിലൂടെ ക്ഷീരോൽപ്പാദക രംഗത്ത് കേരളം സ്വയംപര്യാപ്തതയിലേക്കെത്തിയതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഡോക്ടർമാരുടെയും ഉദ്യോഗസ്ഥരുടെയും ആത്മാർഥമായ പരിശ്രമം ഈ നേട്ടത്തിന് പിന്നിലുണ്ട്.  ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പാലിന് ഏറ്റവുമധികം വില ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. മുട്ട, മാംസ ഉൽപ്പാദനം ഉൾപ്പെടുന്ന മറ്റു മേഖലകളിലും കേരളത്തിന്റെ മുന്നേറ്റം പ്രകടമാണ്. മൊബൈൽ വെറ്ററിനറി യൂണിറ്റുകൾക്കാവശ്യമായ വാഹനം വാങ്ങുന്നതിന് ഇത്തരത്തിൽ വിവിധ വകുപ്പുകളിൽ സർക്കാർ പണം അനുവദിച്ചു. 15 വർഷം പൂർത്തിയാകുമ്പോൾ വാഹനങ്ങൾ കാലാവധി പൂർത്തിയാക്കുന്നതിനാൽ പത്ത് ലക്ഷത്തിൽ താഴെ വിലയുള്ള വാഹനങ്ങൾ വാങ്ങുന്നതിനാണ് ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയതെന്നും അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങില്‍ മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ എം.സി. റെജിൽ  സ്വാഗതമാശംസിച്ചു. മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് സെക്രട്ടറി  ഡോ. കെ. വാസുകി, ക്ഷീര വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. സിന്ധു കെ., അഡീഷണൽ ഡയറക്ടർ (പ്ലാനിംഗ്) ഡോ. ഡി.കെ. വിനുജി, കെ.എസ്.പി.ഡി.സി മാനേജിങ് ഡയറക്ടർ ഡോ. പി. സെൽവ കുമാർ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ മൃഗ സംരക്ഷണ വകുപ്പ് ഓഫീസർ ശ്രീകുമാർ പി.എസ്. നന്ദി അറിയിച്ചു. പരിപാടിയോടനുബന്ധിച്ച് മൊബൈൽ വെറ്ററിനറി, സർജറി യൂണിറ്റുകളുടെ പ്രവർത്തനം എന്ന വിഷയത്തിൽ സെമിനാർ നടന്നു.