പ്രളയത്തോടെ യാത്രാക്ലേശം അതിരൂക്ഷമായ കൽപ്പറ്റ നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളുടെ നിർമ്മാണം ഉടൻ തുടങ്ങും. കൽപ്പറ്റ-വാരാമ്പറ്റ, കണിയാമ്പറ്റ-മീനങ്ങാടി, മേപ്പാടി-ചൂരൽമല റോഡുകൾ കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് പുനർനിർമ്മിക്കുക. ചുങ്കം ജംഗ്ഷനിൽ ദേശീയപാത 766ൽ തുടങ്ങി പടിഞ്ഞാറത്തറയിൽ അവസാനിക്കുന്ന കൽപ്പറ്റ-വാരാമ്പറ്റ റോഡ്, കൽപ്പറ്റ നഗരസഭയെയും വെങ്ങപ്പള്ളി, പൊഴുതന, തരിയോട്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്നു. ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള സംസ്ഥാന പാത വിഭാഗത്തിൽപ്പെടുന്ന റോഡിന്റെ ആകെ നീളം 17.725 കിലോമീറ്ററാണ്. മാനന്തവാടി-കൽപ്പറ്റ സംസ്ഥാന പാതയിലെ പച്ചിലക്കാട് ജംഗഷനിൽ തുടങ്ങി മീനങ്ങാടിയിൽ ദേശീയപാത 766ൽ അവസാനിക്കുന്നതാണ് കണിയാമ്പറ്റ-മീനങ്ങാടി റോഡ്. കണിയാമ്പറ്റ, പൂതാടി, മൂട്ടിൽ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിന് 12.800 കിലോമീറ്റർ നീളമുണ്ട്. മേപ്പാടിയിൽ കോഴിക്കോട്-വൈത്തിരി-ഗൂഡല്ലൂർ സംസ്ഥാന പാതയിൽ തുടങ്ങി ചൂരൽമലയിൽ അവസാനിക്കുന്ന മേപ്പാടി-ചൂരൽമല റോഡും ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ളതാണ്. പ്രധാന ജില്ലാ റോഡുകളുടെ വിഭാഗത്തിൽ വരുന്ന ഈ റോഡിന്റെ നീളവും 12.800 കിലോമീറ്ററാണ്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ നിർദ്ദേശപ്രകാരം ഈ റോഡുകളുടെ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പ് ഡിപിആർ തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിച്ചതനുസരിച്ച് കൽപ്പറ്റ-വാരാമ്പറ്റ റോഡിനും മേപ്പാടി-ചൂരൽമല റോഡിനും യഥാക്രമം 56.66, 40.96 കോടി രൂപയുടെയും കണിയാമ്പറ്റ-മീനങ്ങാടി റോഡിന് 38.99 കോടിയുടെയും അനുമതി ലഭിച്ചു. തുടർന്ന് ചീഫ് എൻജിനീയർമാർ ഉൾപ്പെടുന്ന ടെക്നിക്കൽ കമ്മിറ്റി സാങ്കേതികാനുമതി നൽകി. കൽപ്പറ്റ-വാരാമ്പറ്റ റോഡ് കുദ്രോളി ബിൽഡേഴ്സും കണിയാമ്പറ്റ-മീനങ്ങാടി റോഡ് മലബാർ ടെക് എന്ന കമ്പനിയുമാണ് കരാറെടുത്തത്. പി.കെ. സുൾഫിക്കർ ആണ് മേപ്പാടി-ചൂരൽമല റോഡിന്റെ കരാറുകാരൻ. നിർമ്മാണക്കാലാവധി ഒന്നര വർഷമാണ്. നിലവിലുള്ള റോഡ് വീതികൂട്ടി ജിഎസ്ബി, ഡബ്ല്യുഎംഎം, ഡിബിഎം ആൻഡ് ബിസി എന്നിവ ഉപയോഗിച്ച് ഉപരിതലം ബലപ്പെടുത്തും. മൂന്നു റോഡുകളുടെയും പരിധിയിൽ വരുന്ന കൽപ്പറ്റ, വെങ്ങപ്പള്ളി, പിണങ്ങോട്, കാവുമന്ദം, ചെന്നലോട്, പടിഞ്ഞാറത്തറ, പച്ചിലക്കാട്, കൂടോത്തുമ്മൽ, വരദൂർ, കരണി, കാര്യമ്പാടി, മീനങ്ങാടി, മേപ്പാടി, താഞ്ഞിലോട്, ചൂരൽമല ടൗണുകളിലെ ഫുട്പാത്ത് നിർമ്മാണം, ഓടകൾ, യൂട്ടിലിറ്റി ഡക്ട്, ക്രോസ് ഡക്ട്, ബസ് ഷെൽട്ടറുകൾ, റോഡ് സേഫ്റ്റി വർക്കുകൾ എന്നിവയും മറ്റ് അനുബന്ധ പ്രവൃത്തികളും ഇതോടൊപ്പം നടത്തും. കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ. സി.കെ. ശശീന്ദ്രന്റെ ഇടപെടലാണ് റോഡുകളുടെ നവീകരണത്തിന് വഴിയൊരുക്കിയത്.
