പ്രളയക്കാലത്ത് തമിഴ് ജനതയുടെ സ്‌നേഹവും കരുതലും ഏറെ അനുഭവിച്ചവരാണ് കേരള സമൂഹം. രാപ്പകലില്ലാതെ ദുരിതാശ്വാസ വസ്തുക്കളുമായി തമിഴ് സഹോദരങ്ങൾ കിലോ മീറ്ററുകൾ താണ്ടി വയനാട് അടക്കമുള്ള പ്രളയബാധിത പ്രദേശങ്ങളിലെത്തി. ഇന്നവർ ഗജ ചുഴലിക്കാറ്റ് തീർത്ത ദുരിതക്കഴത്തിലാണ്. ഈ പശ്ചാത്തലത്തിൽ ഗജ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന തമിഴ് ജനതയെ സഹായിക്കാനായി വയനാട് ജില്ലാ കളക്ടറേറ്റിൽ റിലീഫ് കളക്ഷൻ സെന്റർ ആരംഭിച്ചു. താർപായ, പവർ സോസ്, ജനറേറ്റർ സെറ്റ്‌സ്, അരി, പരിപ്പ്, ബിസ്‌കറ്റ്, ബ്രഡ്, കൊതുകുവല, പുതിയ വസ്ത്രങ്ങൾ, പാൽപ്പൊടി, കുടിവെള്ളം, ടോർച്ച്, കുട, ടവ്വൽ, ബെഡ് ഷീറ്റ്, ക്ലോറിൻ ഗുളിക തുടങ്ങിയ റിലീഫ് വസ്തുകളാണ് ആവശ്യം. തമിഴ്‌നാട്ടിലെ തിരുവരുർ, നാഗപട്ടണം, പുതുകോട്ടൈ, തഞ്ചാവൂർ തുടങ്ങിയ തീരദേശ ജില്ലകളിലാണ് ഗജ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. ഈ പ്രദേശങ്ങളിൽ നിരവധി പേരിപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിനെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾക്ക് അഫ്‌സൽ – 9447707079, സന്ദീപ് – 9745166864 എന്നിവരെ ബന്ധപ്പെടുക.