സംസ്ഥാനത്ത് ചിലയിടങ്ങളില്‍ എച്ച് വണ്‍ എന്‍ വണ്‍ പനിബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഇന്‍ഫ്‌ലുവന്‍സ വൈറസ് കാരണം ഉണ്ടാകുന്ന ഒരു രോഗമാണ് എച്ച് വണ്‍ എന്‍ വണ്‍ പനി. വായു വഴിയാണ് ഈ വൈറസ് രോഗം പകരുന്നത്. പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയല്‍, ക്ഷീണം ശ്വാസം മുട്ടല്‍, എന്നിവയാണ് എച്ച് വണ്‍ എന്‍ വണ്‍ പനിയുടെ ലക്ഷണങ്ങള്‍. ജലദോഷപ്പനിയോട് സാമ്യമുള്ള എച്ച് വണ്‍ എന്‍ വണ്‍ പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടായാല്‍ സ്വയം ചികിത്സിക്കാതെ കൃത്യസമയത്ത് തന്നെ ഡോക്ടറുടെ സേവനം തേടുകയും ശരിയായ ചികിത്സ ഉറപ്പു വരുത്തുകയും വേണം. രോഗശമനത്തിന് ഇളംചൂടുളളതും പോഷകഗുണമുള്ളതുമായ പാനീയങ്ങള്‍ (ഉദാ-കഞ്ഞിവെളളം) ധാരാളമായി കുടിക്കുക, പോഷകാഹാരം കഴിക്കുക, പൂര്‍ണ്ണ വിശ്രമം എടുക്കുക. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ വീടിനുള്ളില്‍ കഴിയുക സ്‌കൂള്‍ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക.
വായുവില്‍ കൂടി പകരുന്ന രോഗമായതിനാല്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ മൂക്ക് എന്നിവ തൂവാല ഉപയോഗിച്ച് മറയ്‌കേണ്ടതാണ്. പ്രമേഹം, ഹൃദ്രോഗം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്‌നം ഉള്ളവരും ഗര്‍ഭിണികളും പ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
