പാലക്കാട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമൂഹത്തില്‍ സുരക്ഷിതത്വവും സമത്വവും ഉറപ്പുവരുത്താന്‍ സമസ്തമേഖലയിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എംഎല്‍എയുമായ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന മൊബൈല്‍ ക്രഷ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഞ്ചിക്കോട് പഞ്ചായത്ത് കെട്ടിടത്തില്‍ നടന്ന പരിപാടിയില്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.

ഇതരസംസ്ഥാന തൊഴിലാളികളുടെ അടക്കം കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപൂര്‍ണ്ണവും സുരക്ഷിതവുമായ പരിചരണം ലഭ്യമാക്കാനാണ് മൊബൈല്‍ ക്രഷ് ആരംഭിച്ചത്.കഞ്ചിക്കോട് അങ്കണവാടിയോട് ചേര്‍ന്ന് മലമ്പുഴ ഐ.സി.ഡി.എസ്സിന്റെ കീഴിലാണ് ക്രഷ് നിലവില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.തൊഴിലാളികളായ അമ്മമാര്‍ തൊഴില്‍ സ്ഥലത്താകുമ്പോള്‍ ആറുമാസം മുതല്‍ 3 വയസ് വരെ പ്രായമുള്ള കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന രീതിയിലാണ് ക്രഷ് പ്രവര്‍ത്തിക്കുന്നത്. കുഞ്ഞുങ്ങളെ കൊണ്ടുപോകുവാനും തിരികെ എത്തിക്കുവാനും വാഹന സൗകര്യങ്ങളും 4 ജീവനക്കാരെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലമ്പുഴ ശിശു വികസന പദ്ധതി ഓഫീസര്‍ എസ് ശുഭ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഷൈജ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ശിവകാമി,ജില്ലാപഞ്ചായത്ത് അംഗം നിതിന്‍ കണി ചേരി ത്രിതലപഞ്ചായത്ത് പ്രതിനിധികളായ ഉദയകുമാര്‍ അനില, എല്‍. ഗോപാലന്‍, എം.ജിന, സി ചാമി, ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.