നവീകരണം പൂർത്തിയായ കൽപ്പറ്റ റസ്റ്റ് ഹൗസ് ഉദ്ഘാടനത്തിനൊരുങ്ങി. നവംബർ 23ന് രാവിലെ 9.30ന് പൊതുമരാമത്ത് – രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം നിർവഹിക്കും. കൽപ്പറ്റ വിജയാ പമ്പിനു സമീപം നടക്കുന്ന പരിപാടിയിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. എം.പി. വിരേന്ദ്രകുമാർ എം.പി, എം.എൽ.എമാരായ ഒ.ആർ. കേളു, ഐ.സി. ബാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ജില്ലയിലെ മറ്റു ജനപ്രതിനിധികൾ ആശംസകളർപ്പിക്കും.
കൽപ്പറ്റയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഏക വിശ്രമ മന്ദിരമാണ് ജില്ലാ പൊലീസ് ആസ്ഥാനത്തിനു സമീപം സ്ഥിതി ചെയ്യുന്ന റസ്റ്റ് ഹൗസ്. വർഷങ്ങൾക്കു മുമ്പ് പണികഴിപ്പിച്ച കെട്ടിടം കാലപ്പഴക്കത്തെ തുടർന്ന് 1.96 കോടി രൂപ ചെലവിൽ നവീകരിക്കുകയായിരുന്നു. കെട്ടിടത്തിന്റെ ഫ്‌ളോറിംഗ്, ജനലുകൾ, വാതിലുകൾ, ജലവിതരണ ലൈനുകൾ, സാനിട്ടറി സംവിധാനം തുടങ്ങിയവ മാറ്റി സ്ഥാപിച്ചു. നൂറുപേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ പുതുതായി പണി കഴിപ്പിച്ചിട്ടുണ്ട്. ഫർണിച്ചറുകൾ, രണ്ടു ബ്ലോക്കുകളിലായി മൂന്ന് വി.ഐ.പി മുറികൾ, ഒരു പി.ഡബ്ല്യു.ഡി റൂം ഉൾപ്പെടെ 15 മുറികൾ ഇവിടെ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനോടൊപ്പം കാന്റീൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2015ൽ കെട്ടിട വിഭാഗം ചീഫ് എൻജിനീയർ സാങ്കേതിക അനുമതി നൽകുകയും പൊതുമരാമത്ത് ഉത്തരമേഖല കെട്ടിട വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ പ്രവർത്തി ടെൻഡർ ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് 2016ൽ അടങ്കലിനേക്കാൾ 5.37 ശതമാനം കുറഞ്ഞ നിരക്കിൽ കരാർ നൽകി നവീകരണം പൂർത്തിയാക്കുകയായിരുന്നു.
ഇതേ വേദിയിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുന്ന കൽപ്പറ്റ-വാരാമ്പറ്റ റോഡ്, കണിയാമ്പറ്റ-മീനങ്ങാടി റോഡ്, മേപ്പാടി-ചൂരൽമല റോഡിന്റെയും നബാർഡ് പദ്ധതിയിലുൾപ്പെടുത്തി നിർമ്മിക്കുന്ന താളിപ്പാറക്കടവ് പാലം, മാംബിലിച്ചിക്കടവ് പാലം നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനവും മന്ത്രി ജി. സുധാകരൻ നിർവ്വഹിക്കും. കൽപ്പറ്റ-വാരാമ്പറ്റ റോഡിന് 56.66 കോടിയും മേപ്പാടി-ചൂരൽമല റോഡിന് 40.96 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. കൽപ്പറ്റ-സുൽത്താൻ ബത്തേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കണിയാമ്പറ്റ-മീനങ്ങാടി റോഡിന്റെ നിർമ്മാണത്തിന് 38.99 കോടി രൂപയും കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) അനുവദിച്ചിട്ടുണ്ട്. കൽപ്പറ്റ നിയോജക മണ്ഡലത്തിലെ മാംബിലിച്ചിക്കടവ് പാലത്തിന് 11.64 കോടിയും കൽപ്പറ്റ-മാനന്തവാടി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന താളിപ്പാറക്കടവ് പാലത്തിന് 17.55 കോടിയും സർക്കാർ അനുവദിച്ചിട്ടുണ്ട്.