പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള 389 തൊഴിലധിഷ്ഠിത (വൊക്കേഷനാൽ) ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ (261 സർക്കാർ സ്‌കൂളുകളും 128 എയ്ഡഡ് സ്‌കൂളുകളും) രണ്ടാംവർഷ പഠനം പൂർത്തിയാക്കിയ റഗുലർ വിദ്യാർത്ഥികൾക്കും മുൻ പരീക്ഷകളിൽ യോഗ്യത നേടാത്തവർക്കുമായാണ് മാർച്ച് 2025 പൊതുപരീക്ഷ നടത്തിയത്. കണ്ടിന്യൂവസ് ഇവാല്യൂവേഷൻ & ഗ്രേഡിംഗ് NSQF സ്‌കീമിൽ റഗുലറായി പരീക്ഷ എഴുതിയവരിൽ 70.06 % പേർ ഉന്നത പഠനത്തിന്  അർഹത നേടി. മാർച്ച് 2025 പരീക്ഷ എഴുതിയവർ 26,178 പേരാണ്. ഇതിൽ ഉന്നത പഠനത്തിന് യോഗ്യത നേടിയവരുടെ എണ്ണം 18,340 ആണ്.

പ്രൈവറ്റായി പരീക്ഷ എഴുതിയവരിൽ 14.17 % പേർ യോഗ്യത നേടിയിട്ടുണ്ട്. പരീക്ഷ എഴുതിയവരുടെ എണ്ണം: 2,025. ഉന്നത പഠനത്തിന് യോഗ്യത നേടിയവർ 287 പേർ. വിജയശതമാനം: 14.17%.

ഏറ്റവും ഉയർന്ന വിജയശതമാനം (84.46 %) നേടിയത് വയനാട് ജില്ലയും ഏറ്റവും കുറഞ്ഞ വിജയശതമാനം (61.70 %) നേടിയത് കാസർഗോഡ് ജില്ലയുമാണ്.

എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് കരസ്ഥമാക്കിയ 193 വിദ്യാർത്ഥികളാണുള്ളത്. 5 സർക്കാർ സ്‌കൂളുകളും 4 എയ്ഡഡ് സ്‌കൂളുകളും 100% വിജയം കൈവരിച്ചു. 50% ത്തിൽ താഴെ വിജയശതമാനമുള്ള 67 സ്‌കൂളുകളുണ്ട്.

കലാകായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ വിജയം നേടിയവർക്കും, NSS വോളന്റിയർമാർ, നിശ്ചിത യോഗ്യത നേടിയ NCC കേഡറ്റുകൾ, നിശ്ചിത യോഗ്യത നേടിയ Student Police കേഡറ്റുകൾ. ശാസ്ത്ര മേളകളിൽ പങ്കെടുത്തവർ തുടങ്ങിയ വിഭാഗത്തിലുള്ള 14,832 വിദ്യാർത്ഥികൾ ഗ്രേസ് മാർക്കിന് അർഹരായി.

ഉത്തരക്കടലാസ്സുകളുടെ സൂക്ഷ്മ പരിശോധനയും പുനർമൂല്യനിർണയവും:

ഉത്തരക്കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയവും സൂക്ഷ്മ പരിശോധനയും നടത്തുന്നതിലേയ്ക്കുള്ള അപേക്ഷകൾ http://www.vhsems.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് മതിയായ ഫീസ് സഹിതം പഠനം പൂർത്തിയാക്കിയ സ്‌കൂളിൽ മേയ് 27ന് വൈകുന്നേരം 4 മണിക്കുള്ളിൽ സമർപ്പിക്കണം. ഒന്നിലധികം വിഷയങ്ങളുണ്ടെങ്കിലും ഒരു അപേക്ഷാ ഫാറം മതിയാവും. ഇന്റർനെറ്റിൽ നിന്നും ലഭിക്കുന്ന മാർക്ക് ലിസ്റ്റുകളുടെ പകർപ്പ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കണം. ഇരട്ട മൂല്യനിർണ്ണയം നടത്തിയതിനാൽ ഫിസിക്‌സ്, കെമിസ്ട്രി. കണക്ക് എന്നീ വിഷയങ്ങൾക്ക് സൂഷ്മപരിശോധന, പുനർ മൂല്യനിർണ്ണയം ഉണ്ടായിരിക്കുന്നതല്ല.

ഉത്തരക്കടലാസ്സുകൾ പുനർ മൂല്യനിർണ്ണയം ചെയ്യുന്നതിന് പേപ്പറൊന്നിന് 500 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് പേപ്പറൊന്നിന് 100 രൂപാ ക്രമത്തിലും ഫീസ് പരീക്ഷാ കേന്ദ്രങ്ങളിൽ ഒടുക്കേണ്ടതാണ്. പുനർ മുല്യനിർണ്ണയത്തിന്റെ ഫലം ജൂൺ മാസത്തിൽ പ്രസിദ്ധീകരിക്കും.

സേവ്-എ-ഇയർ പരീക്ഷ

മാർച്ച് 2025 തൊഴിലധിഷ്ഠിത ഹയർ സെക്കണ്ടറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയും പരീക്ഷയ്ക്ക് യോഗ്യത നേടാതിരിക്കുകയോ വിവിധ കാരണങ്ങളാൽ പരീക്ഷയ്ക്ക് ഹാജരാകാതിരിക്കുകയോ ചെയ്ത എല്ലാ സ്‌കീമുകളിലേയും (റഗുലർ & പ്രൈവറ്റ്) വിദ്യാർത്ഥികൾക്ക് പരാജയപ്പെട്ട എല്ലാ വിഷയങ്ങൾക്കും/ഹാജരാകാതിരുന്ന എല്ലാ വിഷയങ്ങൾക്കും 2025 ലെ സേ (സേവ്-എ-ഇയർ) പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം.

ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ

2025 മാർച്ചിൽ റഗുലറായി പരീക്ഷ എഴുതി ഉന്നത പഠനത്തിനർഹരായ വിദ്യാർത്ഥികൾക്ക് ഏതെങ്കിലും ഒരു വിഷയത്തിന് ഗ്രേഡ് മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഇംപ്രൂവ്‌മെന്റ് പരീക്ഷ സേവ്-എ-ഇയർ പരീക്ഷയോടൊപ്പം എഴുതാവുന്നതാണ്. സേവ്-എ-ഇയർ/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ തീയതിയും വിശദാംശങ്ങളും പിന്നീട് പ്രസിദ്ധീകരിക്കും.

ഉപരിപഠനത്തിന് അർഹത നേടിയ എല്ലാ  വിദ്യാർഥികൾക്കും മന്ത്രി വി. ശിവൻകുട്ടി അഭിനന്ദനങ്ങൾ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്. തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.