*കാർഷിക മേഖലയിലെ പ്രളയ പ്രത്യാഘാതങ്ങളുടെ ലഘൂകരണവും  ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനവും: ഏകദിന സെമിനാർ നടത്തി
പ്രളയത്തിനുശേഷം കേരളത്തിന്റെ മണ്ണിനു സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ അനിവാര്യമാണെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. മണ്ണിനു സംഭവിക്കുന്ന മാറ്റങ്ങൾ കൃഷിയെ മാത്രമല്ല ബാധിക്കുന്നത്. ആവാസവ്യവസ്ഥയ്ക്ക് മൊത്തമായി അത് ഗുരുതര പ്രത്യാഘാതങ്ങൾ വരുത്തിയിട്ടുണ്ട്. മേൽമണ്ണിനു സംഭവിക്കുന്ന മാറ്റങ്ങൾ സാമ്പത്തികരംഗത്തെ മൊത്തമായും ബാധിക്കുന്ന സാഹചര്യമുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. കാർഷിക മേഖലയിലെ പ്രളയ പ്രത്യാഘാതങ്ങളുടെ ലഘൂകരണവും ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനവും സംബന്ധിച്ച് മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ് സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിവൃഷ്ടിയാണ് ഉരുൾപൊട്ടലിനും അതുമൂലമുള്ള വൻ മണ്ണൊലിപ്പിനും കാരണമായതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. പ്രളയകാലത്ത് 260 ൽ ഏറെ പ്രദേശങ്ങളിലായി ആയിരത്തോളം ഉരുൾപൊട്ടലുകളുണ്ടായി. ഇതിൽ നൂറിലധികം ഉരുൾപൊട്ടലുകളും അതിഭീകരമായിരുന്നു. മണ്ണൊലിപ്പിന്റെ ദേശീയ ശരാശരി ഹെക്ടറിന് 16 ടൺ ആണെങ്കിൽ കേരളത്തിലിത് 30 മുതൽ 50 ടൺ വരെയാണ്. കാർഷികമേഖലയെ ഈ വിനാശകരമായ അവസ്ഥയിൽനിന്ന് രക്ഷിക്കുന്നതിന് എന്തു പ്രതിവിധി ചെയ്യാനാവുമെന്ന് ഗഹനമായി ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.
അശാസ്ത്രീയമായ ഭൂവിനിയോഗത്തിനെതിരെ ജാഗ്രത കാട്ടണം. വളപ്രയോഗത്തിനുമുമ്പ് ശാസ്ത്രീയമായ മണ്ണ് പരിശോധന നിർബന്ധമാക്കണം. മണ്ണിനുണ്ടാവുന്ന മാറ്റങ്ങൾ മനുഷ്യന്റെ ആരോഗ്യത്തിലും മാറ്റങ്ങളുണ്ടാക്കുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.  കൃഷിവകുപ്പും ഗവേഷണസ്ഥാപനങ്ങളും തമ്മിലുള്ള യോജിച്ച പ്രവർത്തനങ്ങൾ മണ്ണിലും ആവാസവ്യവസ്ഥയിലുമുണ്ടായ മാറ്റങ്ങളെ പുനർനിർണയിക്കണമെന്നും മന്ത്രി പറഞ്ഞു.
കാർഷികോദ്പാദന കമ്മീഷണർ ദേവേന്ദ്രകുമാർ സിംഗ്, മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ ജസ്റ്റിൻ മോഹൻ, ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എഞ്ചിനീയേഴ്സ് ഇന്ത്യ കേരള സെന്റർ ചെയർമാൻ കെ.കെ. ഗോപാലകൃഷ്ണൻ നായർ, അംഗം റോയ് മാത്യു, ഓണററി സെക്രട്ടറി അശോക് കുമാർ കെ. തുടങ്ങിയവർ സംബന്ധിച്ചു.