പ്രഥമ ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്‌കാരം രാജ്യാന്തര പ്രശസ്തയായ മോഹിനിയാട്ടം നർത്തകിയും നൃത്തഗുരുവുമായ ഡോ. കനക് റെലെയ്ക്ക് സമർപ്പിക്കുമെന്ന് സാംസ്‌കാരികമന്ത്രി എ.കെ. ബാലൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മൂന്നുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം നടനകലയിൽ രാജ്യത്തെ ഏറ്റവും ഉന്നതമായ ബഹുമതിയാണ്.
ഭാവഗീതാത്മകമായ പരമ്പരാഗതശൈലിയിൽ ഒതുങ്ങിയിരുന്ന മോഹിനിയാട്ടത്തെ ജനകീയ ക്ലാസിക്കൽ നൃത്തരൂപമായി നവീകരിക്കുന്നതിനും രാജ്യമൊട്ടാകെ അതിന്റെ തനിമ പ്രചരിപ്പിക്കുന്നതിനും അരനൂറ്റാണ്ടുകാലം അതുല്യസംഭാവന ചെയ്ത നർത്തകിയാണ് കനക് റെലെ. അമ്പതുവർഷം മുമ്പ് അവർ മുംബൈയിൽ സ്ഥാപിച്ച നളന്ദ ഡാൻസ് റിസർച്ച് സെൻറർ രാജ്യത്തെ മികച്ച പഠനഗവേഷണ കേന്ദ്രമാണ്. നൃത്തത്തിലും നൃത്തത്തിന്റെ അക്കാദമിക് അടിത്തറ ബലപ്പെടുത്തുന്നതിലും നൽകിയ സേവനമാണ് പുരസ്‌കാരസമിതി മുഖ്യമായി പരിഗണിച്ചത്. പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
പ്രശസ്ത നർത്തകി ഡോ. മല്ലിക സാരാഭായി അധ്യക്ഷയായ പുരസ്‌കാരസമിതിയിൽ നൃത്ത നിരൂപകൻ ആശിഷ്‌മോഹൻ കോക്കർ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, നടനഗ്രാമം വൈസ് ചെയർമാൻ കെ.സി. വിക്രമൻ എന്നിവരാണ് പുരസ്‌കാരസമിതി അംഗങ്ങൾ.
2009 മുതൽ കേരളത്തിലെ നാട്യപ്രതിഭകൾക്ക് സമ്മാനിച്ചിരുന്ന ഗുരുഗോപിനാഥ് നാട്യപുരസ്‌കാരം ഇത്തവണ മുതലാണ് ദേശീയ പുരസ്‌കാരമായി ഉയർത്തിയത്.
കേന്ദ്ര സർക്കാർ അംഗീകരിച്ച ഒമ്പത് ക്ലാസിക്കൽ നൃത്തകലകളിലെ പ്രമുഖരടങ്ങുന്ന 40 പ്രതിഭകളുടെ നാമനിർദ്ദേശങ്ങൾ ദേശീയ നർത്തകനും സാമൂഹ്യപ്രവർത്തകനുമായ നവ്‌തേജ്‌സിംഗ് ജോഹർ അധ്യക്ഷനായ ഒമ്പതംഗ ദേശീയ വിദഗ്ധസമിതിക്ക് ലഭിച്ചിരുന്നു. ഈ സമിതി 10 പ്രതിഭകളുടെ ചുരുക്കപ്പട്ടിക പുരസ്‌കാരനിർണയസമിതിക്ക് സമർപ്പിച്ചു. ഇതിൽനിന്നാണ് ഇക്കൊല്ലത്തെ പുരസ്‌കാരം നിശ്ചയിച്ചത്.
വാർത്താസമ്മേളനത്തിൽ പുരസ്‌കാരനിർണയ സമിതി അധ്യക്ഷ മല്ലിക സാരാഭായിയും സമിതി അംഗങ്ങളും സംബന്ധിച്ചു.