മലയാള ഭാഷാ നെറ്റ്‌വർക്ക് യാഥാർഥ്യമായി: മന്ത്രി ഡോ. ആർ. ബിന്ദു
സർവ വിഞ്ജാന കോശം 19-ാം വാല്യം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവും ഗായകൻ കെ.ജി. മാർക്കോസിന് നൽകി പ്രകാശനം ചെയ്തു. ലഘു വിജ്ഞാന കോശങ്ങളുടെ പ്രകാശനം മന്ത്രി സജി ചെറിയാൻ ഡോ. ആർ ബിന്ദുവിന് നൽകി പ്രകാശിപ്പിച്ചു.
വൈജ്ഞാനിക മേഖലയിലെ മുന്നേറ്റത്തിന് ഉതകുന്ന രീതിയിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സർവ വിജ്ഞാന കോശം, സാഹിത്യ അക്കാദമി, മലയാള സർവകലാശാല എന്നീ സ്ഥാപനങ്ങളെ ബന്ധപ്പെടുത്തി മലയാള ഭാഷ നെറ്റ്‌വർക്ക് ആരംഭിച്ചത് സന്തോഷകരമാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
വൈജ്ഞാനിക ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്ന സ്ഥാപനങ്ങൾക്കും ഭാഷയുടെ വികാസത്തിനും ഇതേറെ സഹായകമാണ്. മലയാള സർവകലാശാലയാണ് മലയാള ഭാഷാ നെറ്റ്‌വർക്കിന്റെ കേന്ദ്രമായി പ്രവർത്തിക്കുന്നത്. പൊന്നാനിയിൽ പ്രാദേശിക കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. സപ്തഭാഷാ സംഗമഭൂമിയായ കാസർഗോഡുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ ഉപ കേന്ദ്രങ്ങൾ സ്ഥാപിക്കും. മലയാള ഭാഷയ്ക്ക് സംഭാവന ചെയ്യാൻ കഴിയുന്ന എല്ലാ സ്ഥാപനങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന സർക്കാർ നയത്തിന്റെ ഭാഗമാണിത്. അറിവിനെ ഇല്ലാതാക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന പ്രവണതകൾ വർദ്ധിച്ചുവരുന്ന കാലത്ത് വൈജ്ഞാനിക സമൂഹം പ്രതിരോധം തീർക്കേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങില്‍ സർവ വിജ്ഞാന കോശം ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എഡിറ്റർ ഡോ. പി. സുവർണ സ്വാഗതം ആശംസിച്ചു. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ സർവകലാശാല വൈസ് ചാൻസലർ ഡോ. എൽ. സുഷമ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ മെമ്പർ സെക്രട്ടറി പി.എസ്. മനേക്ഷ്, ചലച്ചിത്ര പ്രവർത്തകൻ ബി. ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല രജിസ്ട്രാർ ഡോ. കെ.എം. ഭരതൻ ലഘു വിജ്ഞാന കോശങ്ങൾ പരിചയപ്പെടുത്തി. സർവ വിഞ്ജാന കോശം ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് എഡിറ്റർ ആർ. അനിരുദ്ധൻ നന്ദി അറിയിച്ചു.