* ആയുർവേദ, ഹോമിയോ മേഖലകളിലുണ്ടായത് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം: മന്ത്രി വീണാ ജോർജ്

100 ആയുഷ് സ്ഥാപനങ്ങളുടെ എൻ.എ.ബി.എച്ച് സർട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വിതരണം ചെയ്തു. സംസ്ഥാനത്ത് ആയുർവേദ, ഹോമിയോ മേഖലയിലുണ്ടായത് സംസ്ഥാന ചരിത്രത്തിലെ വലിയ മുന്നേറ്റമെന്ന് മന്ത്രി പറഞ്ഞു. ആയുഷ് മേഖലയുടെ പുരോഗതിയ്ക്കായി ഈ സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ആയുഷ് മേഖലയിൽ 2021ൽ അനുവദിച്ചിരുന്നത് 24 കോടി രൂപ മാത്രമായിരുന്നത് 2025ൽ 207 കോടി രൂപയായി വർധിപ്പിക്കാനായി. ബജറ്റ് വിഹിതത്തിലും വലിയ വർദ്ധനവ് വരുത്തി. എല്ലാ പഞ്ചായത്തുകളിലും ആയുഷ് ഡിസ്പെൻസറികളുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ 2024 ൽ കഴിഞ്ഞു. കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ റിസർച്ച് സെന്റർ സെപ്റ്റംബർ മാസത്തോടെ യാഥാർത്ഥ്യമാകും. ആധുനിക സാങ്കേതികവിദ്യയോടെ ആയുർവേദ ചികിത്സയുടേയും ഗവേഷണത്തിന്റെയും വലിയ കേന്ദ്രമായി ഇത് മാറുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ ആയുഷ് സ്ഥാപനങ്ങളേയും ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 150 ആയുഷ് സ്ഥാപനങ്ങൾക്കും ഇപ്പോൾ 100 ആയുഷ് സ്ഥാപനങ്ങൾക്കുമാണ് എൻഎബിഎച്ച് അംഗീകാരം ലഭിച്ചത്. രണ്ടു വർഷം മുമ്പാണ് സംസ്ഥാനത്തെ ആയുഷ് സ്ഥാപനങ്ങളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചത്. ഏറ്റെടുത്ത ദൗത്യം വളരെ വേഗം ലക്ഷ്യസ്ഥാനത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. കൃത്യമായ മാനദണ്ഡങ്ങൾ ഉൾപ്പെടെ തയ്യാറാക്കി അതനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചാണ് കേരളം ഈ ലക്ഷ്യത്തിലെത്തിയത്.

ആരോഗ്യ മേഖലയിൽ പതിറ്റാണ്ടുകളായി നടത്തിയ മികച്ച പ്രവർത്തനങ്ങളുടെ ഫലമായി രാജ്യത്തെ ഏറ്റവും കുറഞ്ഞ മാതൃശിശു മരണ നിരക്കുള്ള സംസ്ഥാനമാണ് കേരളം. ഏറ്റവും ഉയർന്ന ആയുർദൈർഘ്യമുള്ള സംസ്ഥാനം കൂടിയാണ്. അതിനാൽ ഗുണനിലവാരമുള്ള ജീവിതം ഉറപ്പാക്കുകയാണ് പ്രധാനം. രോഗ പ്രതിരോധത്തിൽ ഉൾപ്പെടെ ആയുഷ് മേഖലയുടെ പങ്ക് വളരെ വലുതാണ്.

ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും സർക്കാർ വലിയ പ്രാധാന്യം നൽകുന്നു. കാൻസർ പ്രതിരോധത്തിന് ആരോഗ്യം ആനന്ദം അകറ്റാം അർബുദം എന്ന പേരിൽ ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചു. ഒരു മാസം കൊണ്ട് 15 ലക്ഷത്തിലധികം പേരുടെ കാൻസർ സ്‌ക്രീനിംഗ് നടത്താനായി. ഇതിലൂടെ കുറേപേരിൽ മറഞ്ഞിരുന്ന കാൻസർ കണ്ടെത്താനും ചികിത്സിക്കാനുമായി.

രോഗങ്ങൾ കൃത്യമായി കണ്ടുപിടിക്കുന്നു എന്നതാണ് കേരളത്തിന്റെ പ്രത്യേകത. ലോകത്ത് തന്നെ 95 ശതമാനത്തോളം മരണ നിരക്കുള്ള അമീബിക് മസ്തിഷ്‌ക ജ്വരം രോഗത്തിന്റെ മരണനിരക്ക് 25 ശതമാനമാക്കി കുറയ്ക്കാൻ കേരളത്തിനായെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി. സജിത് ബാബു, കേന്ദ്ര ആയുഷ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി കവിത ഗാർഗ്, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. എ രഘു, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. കെഎസ് പ്രിയ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. എം.പി. ബീന, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർ, ഹോമിയോപ്പതി മെഡിക്കൽ വിദ്യാഭ്യാസ പ്രിൻസിപ്പൽ ആന്റ് കൺട്രോളിങ് ഓഫീസർ ഡോ. ടി.കെ. വിജയൻ, ഹോംകോ എംഡി ഡോ. ശോഭ ചന്ദ്രൻ, ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ ഡോ. ജയ വി. ദേവ്, ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ഡോ. സജി പി.ആർ., ഡോ. ആർ. ജയനാരായണൻ, പ്രസ് ഇൻഫർമേഷൻ ബ്യൂറോ അസി. ഡയറക്ടർ അരുൺകുമാർ സിംഗ് എന്നിവർ പങ്കെടുത്തു.