പ്രബുദ്ധകേരളം പടുത്തുയർത്തുന്നതിൽ മലയാളസിനിമ വഹിച്ചത് നിർണായക പങ്ക് -മുഖ്യമന്ത്രി പിണറായി വിജയൻ
പ്രബുദ്ധകേരളം പടുത്തുയർത്തുന്നതിൽ മലയാളസിനിമ നിർണായക പങ്ക് വഹിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുരോഗമനപരമായ മാനവികതയ്ക്ക് അടിത്തറ പാകാൻ പങ്ക് വഹിച്ച സിനിമകൾ പുതുതലമുറ കാണാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അക്കാദമി കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ നിർമിച്ച ചലച്ചിത്ര ഗവേഷണകേന്ദ്രവും ആർകൈവ്‌സും (സെൻറർ ഫോർ ഇൻറർനാഷണൽ ഫിലിം റിസർച്ച് ആൻറ് ആർക്കൈവ്‌സ്) ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മലയാളസിനിമയുടെ ചരിത്രം കേരളത്തിന്റെ സാമൂഹ്യചരിത്രമാണ്. സ്വാതന്ത്ര്യശേഷമുള്ള കേരളത്തിന്റെ അവസ്ഥ മനസിലാക്കാൻ അക്കാലത്തെ സിനിമകൾ കണ്ടാൽ മതി. ചരിത്രബോധമുള്ള സമൂഹത്തിനേ മുന്നോട്ടുനീങ്ങാനാകൂ. സാമൂഹ്യപ്രസക്തമായ ഉള്ളടക്കമാണ് മറ്റ് ഇന്ത്യൻ സിനിമകളിൽനിന്ന് മലയാളത്തെ വ്യത്യസ്തമാക്കിയത്. മലയാളസിനിമയിൽ ഉടനീളം ഈ സാമൂഹ്യമനസ് നിലനിർത്തിയിട്ടുണ്ട്. ആ നിലയ്ക്ക് സഞ്ചരിച്ച കലാകാരൻമാരാണ് മലയാളസിനിമയെ ദേശീയ, സാർവദേശീയതലത്തിൽ ഉയർത്തിയത്.
ഇത്തരം സാമൂഹ്യപ്രസക്തിയുള്ള ചിത്രങ്ങൾ സംരക്ഷിച്ച് പുതുതലമുറയ്ക്ക് കൈമാറേണ്ടതുണ്ട്. കേരളം സഞ്ചരിച്ച വഴികൾ പുതുതലമുറയ്ക്ക് മനസിലാക്കാൻ ഇതുപകരിക്കും. കേരളത്തിന്റെ സാമൂഹ്യപുരോഗതിക്ക് സാംസ്‌കാരിക ഊർജം പകരുന്നതിൽ സിനിമ വഹിച്ച പങ്ക് ചെറുതല്ല. അവശവിഭാഗങ്ങളെ അടിച്ചമർത്തുന്നതിനെതിരായ പൊതുബോധം സൃഷ്ടിക്കാൻ അക്കാലത്തെ മലയാളസിനിമകൾ സഹായിച്ചു.
പഴയകാല പുരോഗമനസിനിമകളുടെ മൂല്യബോധം തിരിച്ചുപിടിക്കാൻ മലയാള സിനിമയ്ക്ക് കഴിയണം. പഴയകാല സിനിമകളുടെ ലഭ്യതക്കുറവ് ഗവേഷണങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത് പരിഹരിക്കാനും ഗവേഷണങ്ങൾ കൂടുതൽ സൗകര്യമൊരുക്കാനും പുതിയ കേന്ദ്രത്തിന് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ സാംസ്‌കാരികമന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. വ്യവസായമന്ത്രി ഇ.പി. ജയരാജൻ, സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി. മേയർ വി.കെ. പ്രശാന്ത്, ശ്രീകുമാരൻ തമ്പി, നടൻ മധു, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്‌കാരിക സെക്രട്ടറി റാണി ജോർജ്, അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, വൈസ് ചെയർപേഴ്‌സൺ ബീനാപോൾ, കിൻഫ്ര എം.ഡി സന്തോഷ്‌കുമാർ, കൗൺസിലർ എസ്. ബിന്ദു തുടങ്ങിയവർ സംബന്ധിച്ചു.
അനശ്വരനടൻ സത്യന്റെ സ്മാരകമായാണ് ഗവേഷണകേന്ദ്രം സമർപ്പിച്ചിരിക്കുന്നത്. കിൻഫ്രയിലെ രണ്ടേക്കർ സ്ഥലത്ത് നാലേകാൽ കോടി രൂപ ചെലവിട്ടാണ് ആദ്യഘട്ടനിർമാണം നടത്തിയത്. നാലു നിലകളിലായി രൂപകല്പന ചെയ്ത കേന്ദ്രത്തിൽ ആദ്യ രണ്ടുനിലകളുടെ നിർമാണമാണ് പൂർത്തിയായത്. 11,500 സ്‌ക്വയർഫീറ്റിലാണ് പ്രവർത്തനം. ഗവേഷണകേന്ദ്രത്തിൽ ലോകപ്രശസ്ത ചലച്ചിത്രകാരന്മാരുടെയും മലയാളനടന്മാരുടെയും മലയാളത്തിൽനിന്ന് ജെ.സി. ഡാനിയൽ പുരസ്‌കാരം നേടിയവരുടെയും ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. 10,000 ൽ അധികം സിനിമകളുടെ ശേഖരവും തയാറാക്കിയിട്ടുണ്ട്. മലയാളത്തിലെ ആദ്യകാലസിനിമകൾ ഉൾപ്പെടെ 3000 ത്തോളം സിനിമകളാണ് ഇതിലുള്ളത്. 50 സീറ്റിംഗ് കപ്പാസിറ്റിയുള്ള ആധുനിക ടു കെ ഡോൾബി മിനി തീയറ്ററും സമുച്ചയത്തിലുണ്ട്.
നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള ഡിജിറ്റൽ വീഡിയോ ലൈബ്രറി, സിനിമാസംബന്ധ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയും കോൺഫറൻസ് ഹാളും ഒരുക്കിയിട്ടുണ്ട്. 10,000 പുസ്തകങ്ങൾ ലൈബ്രറിയിലുണ്ടാകും. ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനം അടുത്ത ജനുവരി മുതൽ ഇങ്ങോട്ടു മാറ്റും.