ഇതരസംസ്ഥാനത്തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്റെ ‘ചങ്ങാതി’ പദ്ധതിയിലെ പഠിതാക്കളെ കാണാനും ആശയവിനിമയം നടത്താനും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണനെത്തി. മേനംകുളം കിൻഫ്ര അപ്പാരൽ പാർക്കിലെ വനിതാ ഹോസ്റ്റലിലെ മലയാളം ക്ലാസിലെ 104 വനിതാ പഠിതാക്കളുമായാണ് മന്ത്രി സംവദിച്ചത്.
‘ചങ്ങാതി’ പദ്ധതി പഠിച്ചവർക്ക് എറണാകുളം ഒഴികെയുള്ള ജില്ലകളിൽ പരീക്ഷ നവംബർ 25നാണ്. പഠനപുരോഗതി നേരിട്ടറിയാനാണ് മന്ത്രി എത്തിയത്.
മലയാളത്തിൽ സ്വാഗതഗാനം പാടിയാണ് പഠിതാക്കൾ മന്ത്രിയെ സ്വീകരിച്ചത്. തുടർന്ന് മന്ത്രി ഓരോരുത്തരുടേയും അടുത്തെത്തി മലയളാത്തിൽ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു.
ഏതു ഭാഷ പഠിക്കുന്നതും നല്ലതാണെന്ന് മന്ത്രി പറഞ്ഞു. പത്താംക്ലാസ് പാസാകാത്തവർ ഉണ്ടെങ്കിൽ അതിനുള്ള ശ്രമങ്ങളും നടത്തണം. പാഠപുസ്തകങ്ങൾക്ക് പുറമേ പത്രങ്ങളും വായിക്കണം. അതിഥിത്തൊഴിലാളികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിന് സർക്കാർ ഒപ്പമുണ്ട്. ആവാസ് അഷ്വറൻസ് പദ്ധതിയിൽ അംഗത്വം എടുക്കാത്തവർ ഉണ്ടെങ്കിൽ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പഠിതാക്കളുടെ മലയാളം പഠനപുരോഗതിയിൽ ഏറെ സന്തുഷ്ടി പ്രകടിപ്പിച്ചാണ് മന്ത്രി മടങ്ങിയത്.
കിൻഫ്രയിലെ വസ്ത്രനിർമാണസ്ഥാപനമായ ടെക്‌സ്‌പോർട്ട് ഇൻഡസ്ട്രീസിലെ ജീവനക്കാരാണ് ഇവിടുത്തെ മലയാളം വിദ്യാർഥിനികളിൽ ഭൂരിഭാഗവും. എല്ലാവരും ഒഡിഷയിൽ നിന്നുള്ളവരാണ്.
തിങ്കൾ മുതൽ ശനിവരെ എല്ലാദിവസവും വൈകിട്ട് 6.15 മുതൽ എട്ടുമണിവരെയാണ് രണ്ടു ബാച്ചുകളിലായാണ് ക്ലാസുകൾ. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിമുതൽ എഴേകാൽ വരെ പ്രത്യേക ക്ലാസുമുണ്ട്. കവിത എന്ന ഇൻസ്ട്രക്ടറാണ് ഇവർക്കായി ക്ലാസുകൾ എടുക്കുന്നത്. സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല, കിൻഫ്രയിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.