സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയിലേക്ക് സുപ്രധാന ചുവടുവയ്പ്പ്

ലോക ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് അവബോധ വാരാചരണത്തിന്റെ ഭാഗമായി ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനായി സംസ്ഥാന വ്യാപകമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല റിപ്പോര്‍ട്ട് (ഡബ്ല്യു.എ.എ.ഡബ്ല്യു. 2024) പുറത്തിറക്കി. 395 തദ്ദേശ സ്ഥാപനങ്ങളും 734 ആശുപത്രികളും ചേര്‍ന്ന് 2852 വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. 437 സര്‍ക്കാര്‍ ആശുപത്രികള്‍ സ്ഥാപനതല പരിപാടികള്‍ സംഘടിപ്പിച്ചു. കൂടാതെ 404 സ്വകാര്യ ആശുപത്രികള്‍ പങ്കാളികളായി. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി 5710 പരിപാടികള്‍ സംഘടിപ്പിച്ചു. 2238 വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. 21,465 വോളന്റിയര്‍മാര്‍ 3.27 ലക്ഷം വീടുകള്‍ സന്ദര്‍ശിച്ചു. 1530 സ്വകാര്യ ഫാര്‍മസികള്‍ അവബോധത്തില്‍ പങ്കാളികളായി. അര ലക്ഷത്തിലധികം അവബോധ പോസ്റ്ററുകളും 316 വീഡിയോകളും പുറത്തിറക്കി. ഇതിലൂടെ രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

ഡിസംബറോടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയാണ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം ഡിസംബറോടെ കേരളത്തിലെ എല്ലാ ആശുപത്രികളിലും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആന്റിബയോട്ടിക് അവബോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്‍കില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്ത് സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയാണ് കേരളം ലക്ഷ്യമിടുന്നത്.

ആന്റിബയോട്ടിക് സാക്ഷര കേരള ക്യാമ്പയിന് കീഴില്‍ വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങള്‍:

➣ ആന്റിബയോട്ടിക് രഹിത ഭക്ഷണവും വെള്ളവും ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സാർവത്രിക അവബോധം.
➣ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം ആന്റിബയോട്ടിക്കുകള്‍ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സാര്‍വത്രിക അവബോധം.
➣ ഉപയോഗിക്കാത്തതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകള്‍ സുരക്ഷിതമായി നീക്കം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സാര്‍വത്രിക അവബോധം. ഇതിനായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച എന്‍ പ്രൗഡ് സംസ്ഥാന വ്യാപകമാക്കും.
➣ എ.എം.ആര്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കി ടയില്‍ അവബോധമുണ്ടാക്കുക.

ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് കുറയ്ക്കാനായി പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

➣ മിക്ക അണുബാധകളും വൈറസുകള്‍ മൂലമാണ് ഉണ്ടാകുന്നത്. അതിനാല്‍, ഇവയ്‌ക്കെതിരെ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല.
➣ ഡോക്ടര്‍ നിര്‍ദേശിക്കുമ്പോള്‍ മാത്രം ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുക. ഒരിക്കലും ആന്റിബയോട്ടിക്കുകള്‍ ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങി കഴിക്കുകയോ ചെയ്യരുത്.
➣ ഒരിക്കല്‍ നിര്‍ദേശിച്ച ആന്റിബയോട്ടിക്കുകള്‍ കുറിപ്പടി ഉപയോഗിച്ച് മറ്റൊരുവസരത്തില്‍ വീണ്ടും വാങ്ങി കഴിക്കരുത്. ആന്റിബയോട്ടിക്കുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
➣ അസുഖം ഭേദമായി എന്നു തോന്നിയാലും ഡോക്ടര്‍ നിര്‍ദേശിച്ച കാലയളവിലേക്ക് ആന്റിബയോട്ടിക്കുകള്‍ നിര്‍ബന്ധമായും കഴിക്കേണ്ട താണ്.
➣ ചികിത്സ കഴിഞ്ഞ് ശേഷിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഒരിക്കലും ഉപയോഗിക്കരുത്. ശേഷിക്കുന്നതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകള്‍ കരയിലേക്കോ ജലാശയങ്ങളിലേക്കോ വലി ച്ചെറിയരുത്.
➣ എ.എം.ആര്‍ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം രോഗം വരാതെ നോക്കുക എന്നതാണ്. അണുബാധ തടയുന്നതിന് പതിവായി കൈ കഴുകുകയും രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും പ്രതിരോധ കുത്തിവെയ്പ്പുകള്‍ കാലാനുസൃതമായി എടുക്കുകയും ചെയ്യുക.
➣ ആന്റിബയോട്ടിക്കുകള്‍ക്ക് ജീവന്‍ രക്ഷിക്കാന്‍ കഴിയും. എന്നാല്‍ അനാവശ്യമായ ഉപയോഗം ആന്റിബയോട്ടിക് പ്രതിരോധത്തില്‍ കലാശിക്കും.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീത്ത, ഐ.എ.വി ഡയറക്ടര്‍ ഡോ. ശ്രീകുമാര്‍, കാര്‍സാപ്പ് കണ്‍വീനര്‍ ഡോ. അരവിന്ദ്, ഡോ. ശിവപ്രസാദ്, ഡോ. ആര്യ എന്നിവര്‍ പങ്കെടുത്തു.