മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ നബാര്‍ഡിന്റെ ധനസഹായത്തോടെ നവീകരിച്ച നാലു കുളങ്ങള്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എ.യുമായ വി.എസ് അച്യുതാനന്ദന്‍ നാടിന് സമര്‍പ്പിച്ചു. കോട്ടപ്പള്ളം കാളിപ്പാറയില്‍ നടന്ന പരിപാടിയില്‍ മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജലക്ഷ്മി അധ്യക്ഷയായി. മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഒന്നേകാല്‍ കോടി രൂപ ചെലവഴിച്ചാണ് കൊട്ടപ്പള്ളംആലുംക്കുളം, പാഞ്ചിരിക്കാട്ബ്ലോക്ക് കുളം, ചെമ്മണ്‍ക്കാട്തട്ടാംക്കുളം, കിഴക്കേത്തറകുര്‍ത്താന്‍ക്കുളം എന്നിവ നവീകരിച്ചത്. കാലങ്ങളോളം അടിഞ്ഞു കൂടി കിടന്ന മണ്ണും ചെളിയും മാലിന്യങ്ങളും കുളങ്ങളില്‍ നിന്നും നീക്കി ചുറ്റും ബണ്ടുകള്‍ കെട്ടിയാണ് കൃഷിക്കും കുടിവെള്ളത്തിനും ഉപയോഗിക്കാവുന്ന രീതിയില്‍ കുളങ്ങള്‍ മാറ്റിയെടുത്തത്. കരിങ്കല്ലുകൊണ്ട് ചുറ്റുമതിലുകളും നിര്‍മിച്ചിട്ടുണ്ട്. പായലും പാഴ്ച്ചെടികളും കൊണ് മൂടിയ ഈ കുളങ്ങളില്‍ ഇപ്പോള്‍ വെള്ളം നിറഞ്ഞിരിക്കുയാണ്. ഇതോടെ അടുത്ത വേനലില്‍ കൃഷിക്കും കുടിവെള്ളത്തിനും വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.
മാലിന്യങ്ങള്‍ നീക്കിയതോടെ കുളങ്ങളില്‍ ആഴം കൂടിയതിനാല്‍ സമീപത്തെ കിണറുകളിലും ചെറിയ കുളങ്ങളിലും പോലും ഇപ്പോള്‍ ജലനിരപ്പ് കൂടിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഉപകരിക്കുന്ന രീതിയില്‍ കുളങ്ങളില്‍ പടവുകളും നിര്‍മിച്ചിട്ടുണ്ട്. പരിപാടിയില്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ അജിത് കുമാര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി മുരളീധരന്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്, മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, വിവിധ കുളങ്ങളുടെ നവീകരണ സമിതി കണ്‍വീനര്‍മാര്‍ പങ്കെടുത്തു.