വനിതകളുടെ സ്വയംപര്യാപ്തമായ ജീവിതത്തിന് സഹായകമായ കുടുംബശ്രീ ലോകത്തിനാകെ മാതൃകയാണെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി എസ് അച്യുതാനന്ദന് പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പട്ടികജാതിപട്ടികവര്‍ഗ അയല്‍ക്കൂട്ട വിഭാഗങ്ങള്‍ക്കായി തുടി 2018 ഗോത്ര മഹോത്സവവും സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ അഭിമുഖ്യത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കായി നടത്തുന്ന വായ്പാ ശില്പശാലയും മികച്ച കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്കും ഉദ്യമങ്ങള്‍ക്കുമുള്ള ആദരം എന്നീ പരിപാടികള്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലമ്പുഴ മണ്ഡലത്തില്‍ നടപ്പാക്കുന്ന മലമ്പുഴ റിങ് റോഡ്, 75 കോടിയുടെ കുടിവെള്ള പദ്ധതി, ഗ്രീന്‍ കാര്‍പെറ്റ് പദ്ധതി ,അകത്തേത്തറ നടക്കാവ് മേല്‍പ്പാല നിര്‍മ്മാണം, മലമ്പുഴ ജയില്‍ റോഡ് തുടങ്ങിയ വികസനപദ്ധതികള്‍ പുരോഗമിക്കുകയാണെന്നു വി.എസ് അച്യുതാനന്ദന് എം.എല്‍.എ പറഞ്ഞു. ഉജ്ജ്വല നേട്ടങ്ങള്‍ കൈവരിച്ച ജില്ലയിലെ മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. മുളകൊണ്ട് നിര്‍മ്മിച്ച കൂട നിറയെ പഴങ്ങളും പച്ചക്കറികളും നല്‍കിയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ എം. എല്‍. എ യെ സ്വീകരിച്ചത്. പട്ടികജാതിപട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് കുടുംബശ്രീയുമായി ചേര്‍ന്നു നടപ്പാക്കുന്ന സംരംഭങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ഇന്ദിര രാമചന്ദ്രന് അധ്യക്ഷയായി. കെ വി വിജയദാസ് എം.എല്‍.എ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി. സെയ്തലവി, എസ്. സി എസ്.ടി കോര്പ്പറേഷന് മാനേജിങ് ഡയറക്ടര്‍ ഡോ. എം. എ. നാസര്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ കെ രാജന്, മലമ്പുഴ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, കുടുംബശ്രീ നിര്‍വഹണ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു . ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാനും പ്രദര്‍ശന വിപണന മേളയില്‍ പങ്കുചേരാനും രണ്ടായിരത്തിലധികം കുടുംബശ്രീ പ്രവര്‍ത്തകരാണ് എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് ഗോത്ര കലാസാംസ്കാരിക പരിപാടികളും അരങ്ങേറി.
മികവുകള്‍ക്ക് ആദരം
201718 ല്‍ ജില്ലയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീകൃഷ്ണപുരം സി.ഡി.എസ് ഒന്നാം സ്ഥാനവും ആലത്തൂര്‍ സി.ഡി.എസ് രണ്ടാം സ്ഥാനവും, കരിമ്പ മൂന്നാം സ്ഥാനവും നേടി. യഥാക്രമം ഒരു ലക്ഷം, 75000, 50000 രൂപ വീതം സമ്മാനതുകയും സര്‍ട്ടിഫിക്കറ്റും മൊമെന്റോയും വി.എസ് അച്യുതാനന്ദന് എം.എല്‍.എ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 297100 രൂപ പിരിച്ചു നല്കിയ അഗളി സി.ഡി.എസ്, 1000 നവകേരള ലോട്ടറി വിറ്റഴിച്ച കൊടുവായൂര്‍ സി.ഡി.എസ്, മഹിള മിത്ര വായ്പ പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ വായ്പ നല്കിയ അഗളി സി.ഡി.എസ്, മുറ്റത്തെ മുല്ല വായ്പ പദ്ധതിയില്‍ 44 അയല്‍ക്കൂട്ടങ്ങള്‍ക്കായി 5.14 കോടി രൂപ വായ്പ നല്കിയ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക്, ഏറ്റവും കൂടുതല്‍ ലിങ്കേജ് ലോണും, ആര്. കെ. എല്‍ എസ് ലോണും നല്‍കിയതിന് കനറാ ബാങ്ക് എന്നിവ ആദരം ഏറ്റുവാങ്ങി. 238 സംഘകൃഷി യൂണിറ്റുകളുള്ള അഗളി, 17 ഏക്കറില്‍ നെല്‍ക്കൃഷി ചെയ്യുന്ന പരുതൂര്‍ പഞ്ചായത്തിലെ ആവണി ജെ .എല്‍.ജി, ജൈവകൃഷിക്ക് വടകരപ്പതിയിലെ കുറിഞ്ഞി ജെ.എല്‍.ജി, സംയോജിത കൃഷിയ്ക്ക് വാണിയംകുളത്തെ ഹരിത ജെ.എല്‍.ജി, 12 ഏക്കര്‍ തരിശ് നിലത്ത് നെല്‍കൃഷിയിറക്കിയ ആലത്തൂരിലെ തളിര് ജെ.എല്‍.ജി തുടങ്ങി.
കാര്‍ഷിക രംഗത്തും സൂക്ഷ്മ സംരംഭകരംഗത്തും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടങ്ങള്‍, സംഘകൃഷി യൂണിറ്റുകള്‍, സംരംഭകര്‍ തുടങ്ങിയവരെയും പരിപാടിയില്‍ അനുമോദിച്ചു. മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ആലത്തൂര്‍ ബഡ്സ് സ്കൂള്‍, ശ്രീകൃഷ്ണപുരം ജെന്റര്‍ റിസോഴ്സ് സെന്റര്‍, പട്ടിത്തറ ബ്ലോക്ക് ലെവല്‍ കമ്മ്യൂണിറ്റി കൗണ്‍സലിങ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളെയും ആദരിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സമഗ്രവികനത്തിനായി നടപ്പാക്കുന്ന പി.കെ. കാളന് പദ്ധതിയുടെ ഭാഗമായി നടന്ന സര്‍വ്വേ റിപ്പോര്‍ട്ടും, പാലക്കാട് കുടുംബശ്രീയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച പ്രത്യേക സപ്ലിമെന്റും കെ.വി.വിജയദാസ് എം.എല്‍.എ പ്രകാശനം ചെയ്തു. കെട്ടിട നിര്‍മ്മാണ പരിശീലനത്തിന്റെ ഭാഗമായി ആദ്യ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അകത്തേത്തറ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ്, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച വെള്ളിനേഴി ഹരിത കര്‍മ്മ സേന എന്നിവരെയും പരിപാടിയില്‍ ആദരിച്ചു.