അപകടരഹിത വൈദ്യുതി മേഖല മുഖ്യലക്ഷ്യം: മന്ത്രി കെ. കൃഷ്ണൻകുട്ടി
സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. അപകടരഹിത വൈദ്യുതി മേഖല സർക്കാരിന്റെ മുഖ്യ ലക്ഷ്യമാണെന്നും വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് എല്ലാവരും അതീവ പ്രാധാന്യം നൽകണമെന്നും മന്ത്രി പറഞ്ഞു.
എല്ലാ വർഷവും ജൂൺ 26 മുതൽ ജൂലൈ 2 വരെ ദേശീയ വൈദ്യുതി സുരക്ഷാവാരമായി ആചരിക്കുന്നതിലൂടെ വൈദ്യുതി സുരക്ഷാ അവബോധം സമൂഹത്തിലെത്തിക്കാൻ കഴിയുന്നുണ്ട്. വൈദ്യുതി അപകടങ്ങളിൽ ഭൂരിഭാഗവും മനുഷ്യനിർമ്മിതമായ വീഴ്ചകളാണ് കാരണം. ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതും അപകടങ്ങൾ ഒഴിവാക്കുന്നതും പ്രധാന ഉത്തരവാദിത്വമായി ഏറ്റെടുക്കണം. ഉപഭോക്താക്കൾക്ക് പ്രാധാന്യം നൽകികൊണ്ടുള്ള പ്രവർത്തനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ ഏകോപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
ഹൈസ്‌കൂൾ തലത്തിൽ വൈദ്യുതി സുരക്ഷ സംബന്ധിച്ച് നടത്തിയ ഉപന്യാസ, ചിത്രരചനാ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണം മന്ത്രി നിർവഹിച്ചു. വൈദ്യുതി അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള പരിപാടികൾ നടപ്പാക്കിയ ഇടുക്കി, പാലക്കാട് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ജില്ലാ ഓഫീസുകൾക്കും നിലമ്പൂർ കെ.എസ്.ഇ.ബി. എൽ ഡിസ്ട്രിബുഷൻ സർക്കിളിനുമുള്ള ഉപഹാരവും മന്ത്രി വിതരണം ചെയ്തു.
ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ അനർട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വെലൂരി, ഇ.എം.സി ഡയറക്ടർ ആർ. ഹരികുമാർ, ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ഡയറക്ടർ പി. പ്രമോദ്, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പക്ടർ ജി. വിനോദ്, കെ.എസ്.ഇ.ബി.എൽ ചീഫ് സേഫ്റ്റി കമ്മീഷണർ പ്രവീൺ തുടങ്ങിയവർ സന്നിഹിതരായി.