*ഇന്ത്യയിലെ ആദ്യത്തെ കോളേജ് സ്പോർട്സ് ലീഗ്
ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സിന്റെയും സ്പോർട്സ് കേരള ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോളേജ് സ്പോർട്സ് ലീഗിന്റെ ആദ്യ സീസൺ ജൂലൈ 18ന് ആരംഭിക്കും.
സംസ്ഥാനത്തെ കോളജുകളെ കേന്ദ്രീകരിച്ച് രാജ്യത്ത് ആദ്യമായി നടക്കുന്ന കോളജ് സ്പോർട്സ് ലീഗെന്ന (CSL-K) പ്രത്യേകതയും ഇതിനുണ്ട്. യുഎസ് പോലുള്ള രാജ്യങ്ങളിലെ ജനപ്രിയ കൊളീജിയറ്റ് സ്പോർട്സ് ലീഗുകളുടെ മാതൃകയിലാണ് മത്സരങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഉദ്ഘാടന സീസണിൽ ഫുട്ബോൾ, വോളിബോൾ എന്നീ കായിക ഇനങ്ങളിലാണ് ലീഗ് മത്സരങ്ങൾ നടക്കുക. വരും വർഷങ്ങളിൽ ക്രിക്കറ്റ്, ബാസ്കറ്റ്ബോൾ, കബഡി തുടങ്ങിയ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തി ലീഗ് വിപുലീകരിക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. ജൂലൈ 17 മുതൽ 26 വരെ കാലിക്കറ്റ് സർവകലാശാല കാമ്പസിൽ നടക്കുന്ന ഫുട്ബോൾ ലീഗ് മത്സരങ്ങളോടെയാണ് ഉദ്ഘാടന സീസണിലെ പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്.
സംസ്ഥാനത്തെ യുജിസി അംഗീകൃത കോളജുകളിൽ നിന്നുള്ള ടീമുകൾ ഫുട്ബോൾ ലീഗിൽ പങ്കെടുക്കും. മുൻ പ്രകടനവും മികവും ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ടീമുകളെ തിരഞ്ഞെടുത്തത്. അടുത്ത മാസം എംജി സർവകലാശാല കാമ്പസിൽ വോളിബോൾ ലീഗ് മത്സരങ്ങൾ നടക്കും.
കോളജുകളിൽ പുതിയൊരു കായിക സംസ്കാരം സൃഷ്ടിക്കുക എന്നതാണ് സിഎസ്എൽ-കെ യുടെ പ്രധാന ലക്ഷ്യം. ഇതിനായി എല്ലാ കോളജുകളിലും പ്രത്യേക സ്പോർട്സ് കൗൺസിലുകൾ രൂപീകരിച്ചിട്ടുണ്ട്. ഈ കൗൺസിലുകൾക്കായിരിക്കും ലീഗുകളുടെ പൂർണ്ണ നിയന്ത്രണം. വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ഈ കൗൺസിലുകളാണ് ലീഗ് നടത്തുകയും കാമ്പസുകളിൽ ആരാധക പിന്തുണ ഉറപ്പാക്കുകയും ചെയ്യുന്നത്. ഇതാണ് ലീഗിന്റെ പ്രധാന ഊർജ്ജമെന്ന് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടറേറ്റ് ഡയറക്ടർ പി വിഷ്ണുരാജ് തിരുവനന്തപുരത്ത് പത്ര സമ്മേളനത്തിൽ അറിയിച്ചു.
കോളജുകളിലെ കായിക വികസനത്തിനായി മാറ്റി വച്ച 60 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വരും വർഷങ്ങളിൽ ലീഗ് സാമ്പത്തികമായി സ്വയംപര്യാപ്തമാകുമെന്നാണ് പ്രതീക്ഷ. കൂടാതെ, ലീഗിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പൻഡുകൾ, പെർഫോമൻസ് ബോണസുകൾ, സ്കോളർഷിപ്പുകൾ തുടങ്ങിയ പ്രോത്സാഹനങ്ങളും ലഭിക്കും.