പിറവം: രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പുകളും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ആശാവര്‍ക്കര്‍മാരുടെ സഹായത്തോടെ വാര്‍ഡ് തലങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 30 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ ലക്ഷ്യമിട്ടാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്.
ഷുഗര്‍, പ്രഷര്‍, ടോട്ടല്‍ കൊളസ്‌ട്രോള്‍, ബോഡി മാസ് ഇന്‍ഡക്‌സ് പരിശോധനകളും നടന്നു. പരിശോധനകളുടെ അടിസ്ഥാനത്തില്‍ നാനൂറിലധികം പേര്‍ക്ക് ആരോഗ്യ നിരീക്ഷണ കാര്‍ഡുകള്‍ വിതരണം ചെയ്തു.
ജീവിതശൈലി രോഗനിയന്ത്രണ പ്രതിരോധ ക്ലാസുകളുടെ ഭാഗമായി ജനറല്‍ ഹോസ്പിറ്റലിലെ റിട്ടയേഡ് സൂപ്രണ്ട് ഡോ. വി.എസ്. ഡാലിയ, ഡോ. ജോയ് ജോസഫ്, ഡോ. സെയ്ദ് മുഹമ്മദ്, ഡോ. സി. ഒ. ജോബി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വിവിധ ജീവിത ശൈലിരോഗങ്ങള്‍ തടയാനും നിയന്ത്രണവിധേയമാക്കാന്‍ അവബോധം വളര്‍ത്തുന്നതിനുമാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്. നാട്ടില്‍ ലഭ്യമാകുന്ന പഴങ്ങളും പച്ചക്കറിയും പരമാവധി ഉപയോഗിക്കുവാനും ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പുലര്‍ത്തുവാനും ഡോക്ടര്‍മാര്‍ ആഹ്വാനം ചെയ്തു. ജീവിതശൈലീ രോഗങ്ങള്‍ വന്നവര്‍ക്ക് എല്ലാ മാസവും പരിശോധനയ്ക്കുള്ള സംവിധാനം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഒരുക്കുന്നതായി മെഡിക്കല്‍ ഇന്‍ ചാര്‍ജ് ഡോ. ജോയ് ജോസഫ് പറഞ്ഞു. മരുന്നുകളുടെ ഉപയോഗം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ആരോഗ്യവകുപ്പ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
രാവിലെ ഉണര്‍ന്ന ഉടന്‍ തിളപ്പിച്ചാറ്റിയ  ശുദ്ധജലം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് ഡോ. വി.എസ്. ഡാലിയ പറഞ്ഞു. ശരീരത്തിലെ മാലിന്യങ്ങള്‍ പുറം തള്ളി ഉപാപചയപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഇത് സഹായിക്കും. ഒരു ലിറ്റര്‍ വെള്ളം വരെ ഇത്തരത്തില്‍ കുടിക്കാം. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ക്ക് ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ പ്രധാന പങ്കുണ്ട്. ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് നിയന്ത്രിക്കണം. ഉയര്‍ന്നതോതിലുള്ള പഞ്ചസാരയുടെ ഉപയോഗവും കൃത്രിമ മധുരങ്ങളുടെ ഉപയോഗവും വലിയതോതില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പോഷകസമ്പന്നവും ആരോഗ്യപരവുമായ നാടിന്റെ  തനത് ഭക്ഷണ ശീലങ്ങളിലേക്ക് മടങ്ങി പോകേണ്ടതിന്റെ ആവശ്യകതയും ക്ലാസുകളില്‍ വ്യക്തമാക്കി. ജീവിതശൈലി രോഗങ്ങള്‍ നേരിടുന്നവര്‍ തുടര്‍ ചികിത്സ ഉറപ്പ് വരുത്തണം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ചികിത്സ നിര്‍ത്തുന്നത് ഏറെ ദോഷം ചെയ്യുന്നതായി ഡോ. ജോബി സി.ഒ ചൂണ്ടിക്കാട്ടി. സ്ഥിരമായ വ്യായാമം അത്ഭുത മരുന്നാണെന്നും സംതൃപ്തമായ ജീവിതത്തിന് വ്യായാമം ഏറെ ഉപകാരപ്രദമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗനിര്‍ണയ ക്യാമ്പുകളുടെയും ബോധവല്‍ക്കരണ ക്ലാസ്സുകളുടെയും ഉദ്ഘാടനം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുമിത് സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി കുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡണ്ട് പി.പി. സുരേഷ് കുമാര്‍, പഞ്ചായത്ത് അംഗം ജെ.സി. രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.