*കുറുമ്പ ഊരിലെ കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റ് നൽകാൻ ആദാലത്ത് നടത്തും
അട്ടപ്പാടി പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി സബ് കളക്ടർ ജെറോമിക് ജോർജ്ജ് കൺവീനറും മേഖലയിലെ ജനപ്രതിനിധികൾ അംഗങ്ങളുമായി സർക്കാർ രൂപീകരിച്ച ഒമ്പതംഗ സമിതി അഗളി കിലയിൽ അവലോകന യോഗം ചേർന്നു. മേഖലയിലെ ശിശുമരണങ്ങളെകുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചു.
നവംബർ 22ന് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നവജാത ശിശു മരിക്കാനിടയായ സംഭവം യോഗം ചർച്ച ചെയ്തു. തൊണ്ടയിൽ പാൽ കുടുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം നടത്തുന്നതിന് ബന്ധുക്കൾ സമ്മതിച്ചില്ല. ഇത്തരം കേസുകളിൽ ഇനി മുതൽ നിർബന്ധമായും പോസ്റ്റ്മോർട്ടം നടത്തുന്നതിനും റിപ്പോർട്ടിന്റെ ഒരു പകർപ്പ് ബന്ധുക്കൾക്ക് നൽകുന്നതിനും കർശന നിർദ്ദേശം നല്കി. കൂടാതെ മുലയൂട്ടൽ സംബന്ധിച്ചും അസ്വഭാവിക മരണങ്ങളിൽ പോസ്റ്റ്മോർട്ടം നിർബന്ധമാണെന്ന വിവരം സംബന്ധിച്ചും ബോർഡുകൾ പ്രദർശിപ്പിക്കുന്നതിന് ആശുപത്രി അധികൃതർക്ക് നിർദ്ദേശം നല്കി.
കുറുമ്പ മേഖലയിലെ ഊരുകളിലെ യഥാസമയം ജനനം റജിസ്റ്റർ ചെയ്യാത്ത ഇരുനൂറോളം കുട്ടികളുടെ അപേക്ഷകളിൽ ജനന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിന് പ്രത്യേക സർട്ടിഫിക്കറ്റ് അദാലത്ത് ‘കൈത്താങ്ങ് – 2018’ ഡിസംബർ 14 ന് പുതൂർ പഞ്ചായത്തിൽ നടത്താൻ യോഗത്തിൽ തീരുമാനമായി.
കരാറുകാർ പണി ഏറ്റെടുക്കാതിരുന്ന ഇടവാണി, തേക്കുപ്പന, മേലെ ഭൂതയാർ, പങ്ക നാരിപ്പള്ളം, അരളിക്കോണം, ആനവായ്, എന്നിവടങ്ങളിലെ അങ്കണവാടി കെട്ടിടങ്ങളുടെ നിർമാണം ജില്ലാ നിർമ്മിതികേന്ദ്രത്തെ ഏൽപ്പിക്കുന്നതിനും മാതൃകാ അങ്കണവാടികളായി നിർമ്മിക്കുവാനും തീരുമാനിച്ചു. തുടുക്കി ,ഗലസി ഊരുകളിലേക്ക് ഒരു തൂക്കുപാലം നിർമ്മിക്കുന്നതിന് അഡീഷണൽ ട്രൈബൽ സബ് പ്ലാനിൽ നിന്ന് ഫണ്ട് വകയിരുത്തും. കെയ്ക്കോ മുഖാന്തിരം നടപ്പാക്കുന്ന ഇടവാണി, ഭൂതയാർ ഊരുകളിലെ ഇറിഗേഷൻ പദ്ധതിയും പി. എം. ജി. എസ്. വൈ മുഖാന്തിരം നടപ്പാക്കുന്ന തേക്കുവട്ട പഴയൂർ റോഡിന്റെ നിർമ്മാണ പ്രവർത്തനവും രണ്ടാഴ്ചക്കകം ആരംഭിക്കും.