കാക്കനാട്: ട്രാന്‍സ്‌ജെന്‍ഡറുകളോടുള്ള പൊതു സമൂഹത്തിന്റെയും ഉദ്യോഗസ്ഥരുടെയും മനോഭാവം മാറണമെന്ന് സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസില്‍ ആവശ്യമുയര്‍ന്നു. സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമ പദ്ധതികളെ കുറിച്ച് കാക്കനാട് നെഹ്‌റു യുവകേന്ദ്ര യൂത്ത് ഹോസ്റ്റലില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കായി നടത്തിയ ക്ലാസിലാണ് ഈ ആവശ്യം ഉയര്‍ന്നത്. 2014 നാല്‍സ കേസിലെ സുപ്രീം കോടതി ഉത്തരവില്‍ ഭരണഘടനയനുസരിച്ചുള്ള തുല്യ നീതി ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ഉറപ്പാക്കിയിട്ടുണ്ടെങ്കിലും പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പായിട്ടില്ല. വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലാണ് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി പ്രത്യേക പോളിസി പ്രഖ്യാപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നടത്തിയ സര്‍വ്വേയില്‍ 1716 ട്രാന്‍സ്‌ജെന്‍ഡറുകളെയാണ് കണ്ടെത്തിയത്. എന്നാല്‍ അനൗദ്യോഗികമായി ഇത് 2500 ല്‍ അധികം വരുമെന്നാണ് സാമൂഹ്യ നീതി വകുപ്പിന്റെ വിലയിരുത്തല്‍. ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുടെ ഭാഗമായി സംസ്ഥാന – ജില്ലാ തലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡുകളും ആരംഭിച്ചിട്ടുണ്ട്. കൂടാതെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍ തുറക്കുന്ന നടപടികളും അന്തിമ ഘട്ടത്തിലാണ്.
സെമിനാറിന്റെ ഉദ്ഘാഘാടനം ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ജെബിന്‍ ലോലിത സെയ്ന്‍ നിര്‍വ്വഹിച്ചു. ട്രാന്‍സ്‌ജെന്‍ഡറുകളോടുള്ള പൊതു സമൂഹത്തിന്റെ മനോഭാവം മാറ്റുന്നതിനാണ് ഇത്തരം സെമിനാറുകള്‍ ലക്ഷ്യമിടുന്നതെന്ന് അവര്‍ പറഞ്ഞു. ഇവരില്‍ 58% പേര്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെ പഠന മുപേക്ഷിക്കുന്നവരും 24% പേര്‍ 9 -ാം ക്ലാസില്‍ താഴെ മാത്രം വിദ്യാഭ്യാസമുള്ളവരുമാണ്. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കു ന്നതിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ജനിച്ച വ്യക്തിത്വത്തില്‍ നിന്ന് വ്യത്യസ്തമായി അറിയപ്പെടാനുള്ള ആഗ്രഹമാണ് ട്രാന്‍സ്ജന്‍ഡറിസമായി മാറുന്നതെന്ന് സെമിനാറില്‍ ക്ലാസ് നയിച്ച മനശ്ശാസ്ത്രജ്ഞ ഡോ: മഞ്ജു രാജഗോപാല്‍ പറഞ്ഞു. ചെറുപ്പകാലത്ത് പെണ്‍കുട്ടിയെ ആണ്‍കുട്ടിയായി വേഷം കെട്ടിക്കുന്നതും തിരിച്ചും ഇതിന് കാരണമാകാറുണ്ടെന്നും അവര്‍ വ്യക്തമാക്കി. നാല്‍സ കേസിലെ വിധിയോടെ ഏതൊരു പൗരനുമുള്ള അവകാശാധികാരങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും സുപ്രീം കോടതി ഉറപ്പാക്കിയിട്ടുണ്ടെന്ന് സെമിനാറില്‍ ക്ലാസ് നയിച്ച ഹൈക്കോടതി അഭിഭാഷക അഡ്വ. മായ അഭിപ്രായപ്പെട്ടു. ഈ കേസിന്റെ വിധിയില്‍ ഇവരുടെ അവകാശങ്ങളെ കുറിച്ച് കോടതി വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പൊതു സമൂഹവും ഉദ്യോഗസ്ഥരും തങ്ങളെ നികൃഷ്ട ജീവികളായാണ് കാണുന്നതെന്ന് സെമിനാറില്‍ സംസാരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധി ഫൈസല്‍ ഫൈസ് പറഞ്ഞു. കൊച്ചി നഗരത്തിലടക്കം തങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് അവര്‍ വിശദീകരിച്ചു. ജിജോ കുര്യാക്കോസും ക്ലാസ് നയിച്ചു. ജില്ലയിലെ  ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായാണ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്.