കൊച്ചി: ഡിമെന്‍ഷ്യ രോഗികള്‍ക്കായി  ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ബോധവത്കരണത്തിന്റെയും പരിശീലന പരിപാടിയുടേയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി.എ അബ്ദുല്‍ മുത്തലിബ് അധ്യക്ഷത വഹിച്ചു. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി ഏറ്റെടുത്തിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പത്ത് ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. ജില്ലാ മെഡിക്കല്‍ ഓഫീസ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എറണാകുളം, പാലിയേറ്റീവ് കെയര്‍ പ്രോഗ്രാം, മെഹക് ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ദീര്‍ഘകാലത്തെ പരിചരണം ആവശ്യമുള്ളളവരാണ് ഡിമെന്‍ഷ്യ രോഗികള്‍. ഇത്തരം രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ രോഗത്തെ പറ്റിയും ഇത്തരം രോഗികളെ പരിചരിക്കേണ്ട വിധത്തെ പറ്റിയും പരിശീലനം നല്‍കി. ഡിമെന്‍ഷ്യ രോഗികള്‍ക്ക് തുടര്‍ പരിചരണം പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ വഴി ലഭ്യമാക്കേണ്ടതും, ഇതിനായി പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ക്ക് വേണ്ട പരിശീലനം നല്‍കേണ്ടതുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കുട്ടപ്പന്‍ എന്‍.കെ പറഞ്ഞു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി ഡിമെന്‍ഷ്യ രോഗത്തെ പറ്റിയും രോഗികള്‍ക്ക് വേണ്ട പരിചരണങ്ങളെ പറ്റിയും ക്ലാസെടുത്തു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹന്‍, സരള മോഹന്‍, ജോളി ബേബി, അയ്യമ്പിള്ളി ഭാസ്‌കരന്‍, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. വിദ്യ കെ.ആര്‍, മെഹക് ഫൗണ്ടേഷന്‍ സൈക്യാട്രിസ്റ്റ് ഡോ. ചിത്ര വെങ്കിടേഷ്, എറണാകുളം ജനറല്‍ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആനി പി.ജി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സൈക്യാട്രിസ്റ്റ് ഡോ. സമീന്‍, ഏജ് ഫ്രണ്ട്‌ലി എന്‍.ജി.ഒ നിന്നും ഡോ. പ്രവീണ്‍, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. അതുല്‍ എന്നിവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: ഡിമെന്‍ഷ്യ രോഗികള്‍ക്കായി  ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ബോധവത്കരണത്തിന്റെയും പരിശീലന പരിപാടിയുടേയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ നിര്‍വഹിക്കുന്നു