* ലേലനടപടികള്‍ മന്ത്രി വീക്ഷിച്ചു
പ്രവാസി ചിട്ടികളുടെ വരിസംഖ്യയായി കിട്ടുന്ന തുക കേരളത്തിന്റെ വികസനപ്രക്രിയയ്ക്ക് വിനിയോഗിക്കുന്നതിന്  കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കുമെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കിഫ്ബി അംഗീകാരം നല്‍കിയ വികസന പരിപാടികള്‍ക്കു വേണ്ടി ചിട്ടികള്‍ ചേരുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. തീരദേശ ഹൈവേയ്ക്ക് 348 പേരും ഹൈടെക് വിദ്യാലയ പദ്ധതിക്ക് 259 പേരും ആരോഗ്യപദ്ധതികള്‍ക്ക് 251 പേരും റോഡുകളും പാലങ്ങളും നിര്‍മിക്കുന്നതിന് 233 പേരും ഐ.ടി. പാര്‍ക്കുകളുടെ നിര്‍മാണത്തിന് 233 പേരുമാണ് താത്പര്യം പ്രകടിപ്പിച്ച് ചിട്ടികളില്‍ ചേര്‍ന്നിട്ടുള്ളതെന്ന് അദ്ദേഹം അറിയിച്ചു. കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടിയുടെ ആദ്യ ലേലം ഓണ്‍ലൈനില്‍ നടക്കുന്നത് വീക്ഷിക്കാനെത്തിയതായിരുന്നു ധനമന്ത്രി.
 പ്രവാസി ചിട്ടികളില്‍ ഏറ്റവും ചെറിയ സ.ല. തുകയായ ഒരു ലക്ഷം രൂപയുടെ ചിട്ടി 30,000 രൂപ കുറച്ച് പ്രവാസിയായ അജീഷ് വിളിച്ചെടുത്തു. തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലില്‍ സജ്ജീകരിച്ച വേദിയില്‍ ധനമന്ത്രിക്കൊപ്പം കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ ഫിലിപ്പോസ് തോമസും മറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ഒക്ടോബര്‍ 25 മുതലാണ് പ്രവാസി ചിട്ടിയുടെ വരിസംഖ്യ സ്വീകരിച്ചു തുടങ്ങിയതെങ്കിലും 53 ചിട്ടികളില്‍ മുഴുവനായി വരിക്കാര്‍ ചേര്‍ന്നുവെന്ന് മന്ത്രി പറഞ്ഞു. ഈ ചിട്ടികള്‍ക്ക് കേന്ദ്ര ചിട്ടിഫണ്ട് നിയമപ്രകാരമുള്ള രജിസ്ട്രേഷനും പൂര്‍ത്തിയായി. 26 ചിട്ടികളില്‍ എന്റോള്‍മെന്റ്  പുരോഗമിക്കുകയാണ്. 1946 പ്രവാസികളാണ് ചിട്ടികളില്‍ ചേരുകയും 2.42 കോടി രൂപ വരിസംഖ്യയായി ലഭിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
പ്രവാസി ചിട്ടികളില്‍ വരിക്കാരാവുന്നതു മുതല്‍ പണമടയ്ക്കുന്നതും ലേലവും വരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും ഓണ്‍ലൈനിലാണ് നടക്കുന്നത്. ചിട്ടി ലേലംകൊണ്ടാല്‍ ചിട്ടിപ്പണം ലഭിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കുന്നതും അതിന്റെ പരിശോധനയുമടക്കമുള്ള നടപടികള്‍ ഓണ്‍ലൈനില്‍ നടക്കും. സമഗ്രമായ ഒരു സോഫ്ട്വെയറില്‍ സമ്പൂര്‍ണമായി ഓണ്‍ലൈനില്‍ നടക്കുന്ന ആദ്യ പണമിടപാട് സംരംഭമാണ് പ്രവാസി ചിട്ടി. ഈ ശൃംഖലയിലെ ഏറ്റവും പ്രധാന പ്രക്രിയയാണ് ചിട്ടിലേലം. മറ്റു രാജ്യങ്ങളില്‍ ഇരുന്നുതന്നെ നിശ്ചയിക്കപ്പെട്ട സമയത്ത് ചിട്ടി വരിക്കാരന് ഓണ്‍ലൈനായി ലേലത്തില്‍ പങ്കെടുക്കാം. ലേലം വിളിക്കുന്ന തുകയും മറ്റു വിശദാംശങ്ങളും ലേലത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ വരിക്കാര്‍ക്കും തത്സമയം അറിയാനാവും.
ചിട്ടിനടത്തിപ്പിന് ആവശ്യമായ രജിസ്ട്രേഷന്‍ തുടങ്ങിയ നിയമപരമായ നടപടിക്രമങ്ങളും ഓണ്‍ലൈനാണ്. തിരുവനന്തപുരത്തെ കെ.എസ്.എഫ്.ഇ എന്‍ആര്‍ഐ ബിസിനസ് സെന്ററില്‍ ഒരു വെര്‍ച്വല്‍ രജിസ്ട്രേഷന്‍ ഓഫീസ്  ആരംഭിക്കും.
നവംബറില്‍ നറുക്കെടുപ്പ് നിശ്ചയിച്ചിട്ടുള്ള 22 ചിട്ടികളുടെ സലയ്ക്ക് തുല്യമായ 77.2 ലക്ഷം രൂപ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിച്ചതായി ധനമന്ത്രി അറിയിച്ചു.  ഇപ്പോള്‍ ഗള്‍ഫ് കോ-ഓപ്പറേഷന്‍ രാജ്യങ്ങളില്‍ മാത്രമാണ് പ്രവാസി ചിട്ടികള്‍ ലഭ്യമായിട്ടുള്ളത്. ഉടന്‍തന്നെ മറ്റു വിദേശ രാജ്യങ്ങളിലെ പ്രവാസികള്‍ക്കും ചിട്ടി ലഭ്യമാക്കും.
72,698 വിദേശ മലയാളികളാണ് പ്രവാസി ചിട്ടിയില്‍ ചേരുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ഇവരെയെല്ലാം വിവിധ ചിട്ടികളില്‍ വരിക്കാരാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.