ദേശീയ നഗര ശുചിത്വ സർവേയിൽ മികച്ച മുന്നേറ്റം നടത്തിയ നഗരസഭകളെ ആദരിക്കുന്ന ശുചിത്വഭേരി 2025 പരിപാടി ഓഗസ്റ്റ് 20ന് ഉച്ചതിരിഞ്ഞ് രണ്ടിന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കും. തദ്ദേശ സ്വയംഭരണ മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ ഹരിതമിത്രം ആപ്ലിക്കേഷന്റെ പുതിയ പതിപ്പായ ഹരിതമിത്രം 2.0 യുടെ ഔദ്യോഗിക ലോഞ്ചിങ്ങും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ ഗ്രേഡിങ് ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

രാജ്യത്തെ നഗര ശുചിത്വ സർവേയിൽ ഇക്കുറി കേരളത്തിലെ എട്ട് നഗരങ്ങൾ ആദ്യ നൂറിലും 82 നഗരങ്ങൾ ആദ്യ ആയിരത്തിലും ഇടംപിടിച്ച് വലിയ മുന്നേറ്റമാണ് നടത്തിയത്. കൂടാതെ സംസ്ഥാനത്ത് ആദ്യമായി 23 നഗരസഭകൾക്ക് ഗാർബേജ് ഫ്രീ സിറ്റി സ്റ്റാർ റേറ്റിങ് (GFC) പദവി, ആദ്യമായി ദ്രവമാലിന്യ പരിപാലനത്തിനുള്ള ഏറ്റവും ഉയർന്ന സർട്ടിഫിക്കേഷനായ വാട്ടർ+, മൂന്ന് നഗരസഭകൾക്ക് ഒ.ഡി.ഫ്++, 77 നഗരസഭകൾക്ക് ഒഡിഫ് പ്ലസ്സ് (ODF+) അംഗീകാരങ്ങൾ നേടാനും ആദ്യമായി ഒരു നഗരത്തിന് പ്രോമിസിങ് സ്വച്ഛ് ഷഹർ പുരസ്‌കാരം നേടാനും കഴിഞ്ഞു. ശുചിത്വഭേരി പരിപാടിയിൽ ഇതിനായി സേവനം നടത്തിയവരെ മന്ത്രി ആദരിക്കും.

കേരളത്തിൽ നടന്നുവരുന്ന മുഴുവൻ മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങളെയും ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഏകോപിപ്പിക്കാനാണ് ഹരിതമിത്രം ആപ്ലിക്കേഷനിലൂടെ ലക്ഷ്യമിടുന്നത്. ഒരു കോടിയിൽ അധികം വരുന്ന ഭവന/സ്ഥാപനങ്ങളിലെ ഖര-ദ്രവ മാലിന്യങ്ങളെ സംസ്‌കരിക്കുന്നതിന്റെയും നീക്കം ചെയ്യുന്നതിന്റെയും ഡിജിറ്റൽ മോണിറ്ററിങ് കൃത്യമായ രീതിയിൽ നടത്തുന്നതിന് കൂടുതൽ പ്രയോജനകരമാവുംവിധം മാറ്റങ്ങൾ വരുത്തി നടപ്പിലാക്കാൻ തയ്യാറാക്കിയിട്ടുള്ളതാണ് ഹരിത മിത്രം 2.0. ആപ്ലിക്കേഷൻ.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌സ് ചേംബർ ചെയർപേഴ്‌സൺ കെ.ജി. രാജേശ്വരി, മേയർസ് കൗൺസിൽ കേരള പ്രസിഡന്റ് അനിൽ കുമാർ എം, മുനിസിപ്പൽ ചെയർമാൻ ചേംബർ അധ്യക്ഷൻ എം. കൃഷ്ണദാസ്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിമാരായ അനുപമ ടി.വി., ഡോ. അദീല അബ്ദുല്ല, ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു. വി. ജോസ്, കെ.എസ്.ഡബ്ല്യു.എം.പി. പ്രൊജക്റ്റ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, തദ്ദേശസ്വയംഭരണ വകുപ്പ് (അർബൻ) ഡയറക്ടർ സൂരജ് ഷാജി, തദ്ദേശസ്വയംഭരണ വകുപ്പ് (റൂറൽ) ഡയറക്ടർ അപൂർവ ത്രിപാഠി, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, ഇൻഫർമേഷൻ കേരള മിഷൻ ഡയറക്ടർ ഡോ. സന്തോഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി.പി. മുരളി, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ.എം. ഉഷ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജി.കെ. സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുക്കും.