മാനന്തവാടി – കൈതക്കൽ റോഡ് പുനരുദ്ധാരണ പ്രവൃത്തി പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. കൊയിലേരിയിൽ നടന്ന ചടങ്ങിൽ ഒ.ആർ. കേളു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. 2016-17 സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച റോഡ് നവീകരണ പ്രവൃത്തിക്ക് 45.55 കോടി രൂപയുടെ അനുമതി കിഫ്ബി നൽകിയിട്ടുണ്ട്. മാനന്തവാടിയെ ജില്ലാ ആസ്ഥാനമായ കൽപ്പറ്റയുമായി ബന്ധിപ്പിക്കുന്ന പ്രധാന ബദൽ പാതയാണ് മാനന്തവാടി-കെതക്കൽ റോഡ്. റോഡിന്റെ പുനരുദ്ധാരണം പൂർത്തിയാകുന്നതോടെ പ്രദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപിന്റെയും ചരിത്ര പ്രസിദ്ധമായ വള്ളിയൂർക്കാവ് ക്ഷേത്രത്തിന്റെയും വികസനത്തിനും ആക്കംകൂട്ടും. മാനന്തവാടി നഗരത്തിരത്തിൽ പ്രവേശിക്കാതെ മൈസൂരു, കുടക് എന്നിവിടങ്ങളിലേക്കുള്ള പ്രധാന ബെപ്പാസായും ഈ പാത മാറും. നിലവിലെ റോഡിന്റെ വീതി 5.5 മീറ്ററിൽ നിന്ന് എഴു മീറ്ററാക്കി മെക്കാഡം ടാറിംഗ് ചെയ്യും. കൂടാതെ 12 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡിൽ ബസ്‌ബേ, സീബ്രാ ലൈൻ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഓവുചാലുകളും ശാസ്ത്രീയമായ രീതിയിൽ നിർമ്മിക്കും. ഏറനാട് എന്റർപ്രൈസസ് എന്ന സ്വകാര്യ കമ്പനിക്ക് രണ്ടു വർഷത്തേക്കാണ് പ്രവൃത്തി പൂർത്തിയാക്കാൻ കരാർ നൽകിയിരിക്കുന്നത്. റോഡ് നിർമ്മാണം ആധുനിക മാനദണ്ഡങ്ങൾ പാലിച്ച് ഉയർന്ന നിലവാരത്തിൽ പൂർത്തിയാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
പ്രളയാനന്തര കേരളത്തെ പുനർനിർമ്മിക്കുന്നതിൽ പ്രഥമ പരിഗണന നൽകിയിരിക്കുന്നത് ഏറ്റവും കൂടുതൽ കെടുതി നേരിട്ട വയനാട്, ഇടുക്കി ജില്ലകൾക്കാണ്. വിവിധ പൊതുമരാമത്ത് പ്രവൃത്തികൾക്കു മാത്രമായി 1400 കോടിയോളം രൂപ വയനാട് ജില്ലയ്ക്കു സർക്കാർ അനുവദിച്ചിട്ടുണ്ട്. കൂടാതെ മലയോര ഹൈവേക്ക് 500 കോടിയുടെ അനുമതിയടക്കം ഇത് 1800 കോടിക്ക് മുകളിലാകും. ഇത്രയും തുക ചരിത്രത്തിലാദ്യമായാണ് ജില്ലയ്ക്കനുവദിക്കുന്നത്. പ്രളയാനന്തര പുനർനിർമ്മാണത്തിനായി 1000 കോടിയുടെ പൊതുമരാമത്ത് പ്രവൃത്തികൾക്കുള്ള അനുമതി കൂടി ജില്ലയ്ക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊതുപ്രാധാന്യമുള്ള എല്ലാ കെട്ടിടങ്ങളും ആവശ്യമായവ പുതുക്കിപ്പണിയുകയും അല്ലാത്തവ നവീകരിക്കുകയും ചെയ്യും. ജില്ലയെ എല്ലാ തലത്തിലും മുൻനിരയിലെത്തിക്കാനാണ് സർക്കാർ ശ്രമം. തുക അനുവദിക്കുന്നതിൽ കക്ഷി-രാഷ്ട്രീയ വേർതിരിവില്ലെന്നും ജനങ്ങൾക്കു വേണ്ടിയാണ് പദ്ധതികളെന്നും എല്ലാവരുടെയും വികസനമാണ് സർക്കാരിന്റെ അജണ്ടയെന്നും മന്ത്രി പറഞ്ഞു. പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ ആവശ്യമായ ധനസമാഹരണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. വന്ന വഴികളെയും ചരിത്രത്തെയും മറന്നുപോവുന്നത് വലിയ നഷ്ടമാണ്. ചരിത്രം പഠിക്കാതെ കേരളത്തെ പുനർനിർമ്മിക്കാൻ കഴിയില്ല. ബൗദ്ധികവും ആത്മീയവുമായ സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു.
മാനന്തവാടി നഗരസഭ അദ്ധ്യക്ഷൻ വി.ആർ. പ്രവീജ്, ബ്ലോക്ക് പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ കെ.ജെ. പൈലി, മുനിസിപ്പൽ കൗൺസിലർ മഞ്ജുള അശോകൻ, കിഫ്ബി ചീഫ് എൻജിനീയർ വി.വി. ബിനു, നിരത്തുകൾ വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ ഇ.ജി. വിശ്വപ്രകാശ്, പാലങ്ങൾ വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ പി.കെ. മിനി, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
