ശബരിമല: സന്നിധാനത്ത് ആരംഭിച്ചിട്ടുള്ള ആയുർവേദ ക്ലിനിക്കിൽ തീർഥാടകർക്കുവേണ്ടി 24 മണിക്കൂറും തെറാപ്പി സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുള്ളതായി ചീഫ് മെഡിക്കൽ ഓഫീസർ ഡോ: ഇ.പി. സുജീഷ് പറഞ്ഞു.
പകർച്ചവ്യാധികൾ, ദഹനസംബന്ധമായ അസുഖങ്ങൾ, മലകയറ്റത്തെ തുടർന്നുണ്ടാകുന്ന പരിക്കുകൾ, ഉളുക്ക്, ഒടിവ്, ചതവ്, എന്നിവയ്ക്ക് പ്രാഥമിക ചികിൽസ നൽകും. കൂടുതൽ വൈദ്യസഹായം ആവശ്യമുള്ളവർക്ക് ഐ.പി. വിഭാഗത്തിന്റെ സേവനം ലഭ്യമാക്കും.
അലർജി സംബന്ധമായ തുമ്മൽ, ശ്വാസംമുട്ടൽ തുടങ്ങിയ രോഗങ്ങൾമൂലം ബുദ്ധിമുട്ടുന്നവർക്കായി ഔഷധആവി, നസ്യം തുടങ്ങിയ ചികിൽസകളുള്ള നെബുലൈസേഷൻ യൂണിറ്റ് പൂർണ്ണമായും പ്രവർത്തന സജ്ജമാണ്.
അഞ്ച് മെഡിക്കൽ ഓഫിസർമാർ, മൂന്ന് ഫാർമസിസ്റ്റുകൾ, രണ്ട് തെറാപ്പിസ്റ്റ് എന്നിവരുൾപ്പടെ 13 പേരുടെ സേവനം ഇവിടെ ലഭ്യമാണ്. തീർഥാടകർക്കൊപ്പം തന്നെ സന്നിധാനത്തെത്തുന്ന മുഴുവൻ ആളുകൾക്കും ആവശ്യമായ ചികിൽസ പൂർണമായും സൗജന്യമായാണ് നൽകുന്നത്.
വൃശ്ചികം ഒന്നിന് പ്രവർത്തനം തുടങ്ങിയ ഈ ക്ലിനിക്കിൽ ഇതുവരെ 4500ൽപരം രോഗികൾക്ക് ചികിൽസ ലഭ്യമാക്കിയിട്ടുണ്ട്.
