ശബരിമലയിലെത്തുന്ന ഭക്തർ സപ്തകർമ്മങ്ങൾ പാലിക്കണമെന്ന സന്ദേശവുമായി പുണ്യം പൂങ്കാവനം പ്രവർത്തകർ

ശബരിമല: അയ്യപ്പന്റെ പൂങ്കാവനത്തിന് ദോഷമായ ഒന്നും, പ്രത്യേകിച്ച് പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുവരാതിരിക്കുക. ശബരിമലയിൽ തീർത്ഥാടനത്തിനിടയിൽ ഉണ്ടാകുന്ന മാലിന്യം അവിടെ ഉപേക്ഷിക്കാതെ തിരിച്ചുകൊണ്ടുപോയി സംസ്‌ക്കരിക്കുക.ശബരിമലയിലെത്തുന്ന എല്ലാ അയ്യപ്പഭക്തരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക. പമ്പാ നദിയെ സംരക്ഷിക്കുക, നദിയിൽ കുളിക്കുമ്പോൾ സോപ്പോ എണ്ണയോ ഉപയോഗിക്കരുത്, മടക്കയാത്രയിൽ വസ്ത്രങ്ങൾ നദിയിൽ ഉപേക്ഷിക്കരുത്. ടോയ്ലറ്റുകൾ വൃത്തിയായി സൂക്ഷിക്കുക, ഒരു കാരണവശാലും തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്തരുത്. എല്ലാ അയ്യപ്പന്മാർക്കും സ്വാമിയെ കാണാൻ തുല്യ അവകാശമുണ്ട്. നിരതെറ്റിക്കാതെ തിക്കുംതിരക്കും കാണിക്കാതെ ക്യൂ പാലിക്കുക അയ്യപ്പന്റെ പൂങ്കാവനത്തിൽ മാലിന്യം അല്ല നന്മയുടെ വിത്തുകൾ വിതറുക എന്നിവയാണ് പുണ്യം പൂങ്കാവനം പദ്ധതി നൽകുന്ന സന്ദേശം.

ആത്മജ്ഞാനത്തിന്റെ പൂങ്കാവനമാണ് ശബരിമല. അവിടം നശിപ്പിക്കരുത്. തത്വമസി ഒരു മന്ത്രമല്ല, ഒരു ജീവിതചര്യയാണ്. ഉത്തരവാദിത്തത്തോടെ ബോധപൂർവ്വമായ തീർഥാടനമാണ് അയ്യപ്പന് പ്രിയം എന്ന സന്ദേശവുമായി കാനനവാസന്റെ സന്നിധാനത്തും നിലക്കലിലും പമ്പയിലും എരുമേലിയിലും പുണ്യംപൂങ്കാവനം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ശുചീകരണത്തിനു പുറമേ ബോധവൽക്കരണവും പുണ്യം പൂങ്കാവനം പദ്ധതിയുടെ സവിശേഷതയാണ്.
ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് വസ്ത്ുക്കൾ കൊണ്ടുവരരുതെന്നും കടകളിൽ പ്ലാസ്റ്റിക് വസ്തുക്കൾ വിൽക്കുന്നത് പരിമിതപ്പെടുത്തണമെന്നും ബോധവൽക്കരിക്കുന്നു. മലയാളത്തിന്ു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഇംഗ്ലീഷ് ഭാഷകളിലും തീർഥാടകർക്ക് സപ്തകർമ്മങ്ങളുടെ പ്രസക്തി അറിയിക്കുന്നുണ്ട്.
മണ്ഡല മകരവിളക്ക് മഹോത്സവ സീസണിൽ എല്ലാ ദിവസവും രാവിലെ ഒൻപതിന് ദേവസ്വവുമായി സഹകരിച്ച് പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടേയും പോലീസ്, എക്സൈസ്്, ഫയർഫോഴ്സ്, എൻ.ഡി.ആർ. എഫ്, ആർ.എ.എഫ്് സേനകളുടേയും ആരോഗ്യവകുപ്പിലെ ഡോക്ടർമാർ,ആരോഗ്യപ്രവർത്തകർ, അയ്യപ്പ സേവാസംഘം, അയ്യപ്പ സേവാ സമാജം എന്നിവരുടേയും ഭക്തരുടേയും നേതൃത്വത്തിലാണ് ശുചീകരണവും ബോധവൽക്കരണവും നടത്തുന്നത്.
വിരിവെച്ചിരിക്കുന്ന ഇടങ്ങളിൽ ഗുരുസ്വാമിമാരുടെ നേതൃത്വത്തിലാണ് ബോധവൽക്കരണം. പരിസ്ഥിതിലോലമായ ശബരിമലയെ സംരക്ഷിക്കുന്നതിന്ും പരിപാവനമായ പൂങ്കാവനത്തെ മാലിന്യരഹിതമായി നിലനിർത്തുന്നതിനുമായുള്ള പുണ്യം പൂങ്കാവനത്തിന്റെ പ്രവർത്തനം ഇതിനകം ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. ഐ.ജി പി.വിജയനാണ് പുണ്യം പൂങ്കാവനത്തിന്റെ നോഡൽ ഓഫീസർ.