കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17-ാമത് അന്താരാഷ്ട്ര ഡോക്യൂമെന്ററി ഹ്രസ്വചിത്രമേളയിൽ ഋത്വിക് ഘട്ടകിന്റെ ജന്മശതാബ്ദിയുടെ ഭാഗമായി അദ്ദേഹത്തിന്റെ രണ്ടു ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കും. ദേർ ഫ്ലോസ് പദ്മ,ദി മദർ റിവർ, ഫിയർ എന്നീ രണ്ടു ചിത്രങ്ങൾ ആണ് പ്രദർശനത്തിന് എത്തുന്നത്.

ഇന്ത്യൻ കലാസിനിമയുടെ സ്വഭാവരൂപീകരണത്തിൽ അമൂല്യമായ സംഭാവനകൾ നൽകിയ ഘട്ടക് ഇന്നും ലോകമെമ്പാടുമുള്ള ചലച്ചിത്ര വിദ്യാർത്ഥികളുടെയും സംവിധായകരുടെയും പഠനവിഷയമാണ്. വിഭജനം എന്ന ആശയത്തെ മുൻനിർത്തി അദ്ദേഹം സംവിധാനം ചെയ്ത സുബർണരേഖ, മേഘ ധാക താര, കോമൾ ഗാന്ധാർ എന്നിവ എക്കാലത്തെയും മികച്ച ക്ലാസിക്കുകളാണ്.

1950 ൽ നിമായി ഘോഷിന്റെ സംവിധാനത്തിൽ പുറത്ത് വന്ന ചിനമൂൾ എന്ന ചിത്രത്തിലൂടെ നടന്നായും സഹസംവിധായകനായും അരങ്ങേറ്റം കുറിച്ച ഘട്ടക് 1952 ലെ നാഗരിക് എന്നാ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമക്ക് പുതിയ ദിശ കാട്ടി . ഫിലിം ആൻഡ് ടെലിവിഷൻ ഓഫ് ഇന്ത്യയിലെ അദ്ധ്യാപകനായിരിക്കെ മണികൗൾ, കുമാർ ഷഹാനി, ജോൺ എബ്രഹാം തുടങ്ങിയ സംവിധായകർക്ക് മാർഗ്ഗനിർദ്ദേശം നൽകിയ ഘട്ടക് തന്റെ ചിത്രങ്ങൾക്കുപരി ശിഷ്യന്മാരുടെ സംഭവാനകളിലൂടെയും ഇന്ത്യൻ സിനിമയിൽ നിറഞ്ഞ സാന്നിധ്യമായിരുന്നു.

1971ൽ പുറത്തിറങ്ങിയ ‘ദേർ ഫ്ലോസ് പദ്മ, ദ മദർ റിവർ’ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ്. ‘ഫിയർ’ എന്ന ചിത്രം എഫ്.ടി.ഐ.ഐ യിലെ വിദ്യാർഥികൾക്കായുള്ള അഭിനയ പരിശീലനത്തിന്റെ ഭാഗമായി ഘടക് സംവിധാനം ചെയ്ത ചിത്രമാണ്. സുഭാഷ് ഘയി, സുധ റാണി, ഉർവശി ദത്ത, ഗോവർദ്ധൻ ശർമ, അസ്രാണി തുടങ്ങിയ ഇന്ത്യൻ സിനിമയിൽ കഴിവ് തെളിയിച്ച പ്രതിഭാശാലികളായ അഭിനേതാക്കളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.