തൃശ്ശൂര്‍ ജില്ലയിലെ നെടുപുഴ റെയിൽവേ മേൽപ്പാലം നിർമാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ലെവൽ ക്രോസ് ഇല്ലാത്ത കേരളം എന്നത് സംസ്ഥാനത്തെ ജനങ്ങളുടെ സ്വപ്ന പദ്ധതിയും സർക്കാരിന്റെ പ്രഖ്യാപിത പദ്ധതിയുമാണെന്ന് മന്ത്രി പറഞ്ഞു. സമയ ബന്ധിതമായി റെയിൽവേ മേൽപ്പാലം നിർമാണം പൂർത്തിയാക്കുന്നതിനായി മന്ത്രിയുടെ ഓഫീസിൽ നിന്ന് തന്നെ നേരിട്ട് നേതൃത്വം നൽകുമെന്നും എട്ട് റെയിൽവേ മേൽപ്പാലങ്ങളുടെ പ്രവൃത്തികൾ കൂടി ഈ വർഷം ആരംഭിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പദ്ധതിയുടെ ആരംഭം മുതൽ സ്വീകരിച്ച നടപടികളുടെ നാൾവഴികളെക്കുറിച്ച് നിർമാണോദ്ഘാടനത്തിന്റെ അധ്യക്ഷത വഹിച്ച് സംസാരിക്കവേ റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു. കേരള നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്ന ഏക കിടപ്പാടം സംരക്ഷണ ബില്ലിനെ കുറിച്ചും മന്ത്രി സംസാരിച്ചു.
36.23 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുമതി ലഭിച്ച റെയിൽവേ മേൽപ്പാലം നിർമാണം ലെവൽക്രോസ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കേരള റോഡ്‌സ് ആന്റ് ബ്രിഡ്‌ജസ് ഡവലപ്‌മെൻ്റ് കോർപറേഷനാണ് (ആർബിഡിസികെ) നടത്തുന്നത്. നെടുപുഴക്കാരുടെ ദീർഘ നാളുകളായിട്ടുള്ള ഒരു സ്വപ്നമാണ് റെയിൽവേ മേൽപാലം നിർമാണത്തിലൂടെ പൂവണിയുന്നത്.
നെടുപുഴ ഗവ. പോളി ടെക്നിക് കോളേജിന്റെ മുൻവശത്ത് നടന്ന ചടങ്ങിൽ മേയർ എം കെ വർഗീസ്, സ്ഥിരം സമിതി അധ്യക്ഷരായ വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്‌സൻ, കൗൺസിലർമാരായ അനൂപ് ഡേവീസ് കാട, എ. ആർ രാഹുൽ നാഥ്, ലിംന മനോജ്, വിനേഷ് തയ്യിൽ, പി വി അനിൽ കുമാർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ രവീന്ദ്രൻ, കേരള റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡവലപ്‌മെന്റ് കോർപറേഷൻ (ആർബിഡിസികെ) അഡീഷണൽ ജനറൽ മാനേജർ പി. ടി ജയ, ഡെപ്യൂട്ടി ജനറൽ മാനേജർ കെ. എൻ രാജേഷ്, പ്രൊജകട് എൻജിനിയർ അരുൺ ലാൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
