കൊച്ചി: പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ചേരാനല്ലൂര്‍ പഞ്ചായത്തില്‍ ലഭിച്ച അപ്പീല്‍ അപേക്ഷകള്‍ ടെക്‌നിക്കല്‍ പാനല്‍ പരിശോധിക്കുമെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. ചേരാനല്ലൂര്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത മാര്‍ച്ച് 30 നകം വീടുകളുടെ പണി പൂര്‍ത്തീകരിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. ഒന്നിലധികം വീടുള്ളവരുടെ ഒരു വീട് പ്രളയത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം ലഭിക്കില്ല. വീട് നിര്‍മ്മിച്ച് നല്‍കുന്ന സന്നദ്ധ സംഘടനകളുമായി ട്രൈ പാര്‍ട്ടി എഗ്രിമെന്റ് വെക്കും. അത്തരത്തില്‍ നിര്‍മ്മിക്കുന്ന വീടുകളുടെ അറ്റകുറ്റ പണി സന്നദ്ധ സംഘടനകള്‍ തന്നെ ചെയ്ത് കൊടുക്കണം. വീട് പണിയാന്‍ സാമ്പത്തികസ്ഥിതി ഇല്ലാത്തവര്‍ക്ക് വിവിധ സൊസൈറ്റികള്‍, ഏജന്‍സികള്‍, എന്‍ജിഒ എന്നിവരുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ അടുത്തമാസം ആരംഭിക്കും. വീട് പൂര്‍ണ്ണമായും തകര്‍ന്നവര്‍, വീടും സ്ഥലവും നഷ്ടമായവര്‍, വീട് 75 ശതമാനത്തിലധികം തകര്‍ന്നവര്‍ എന്നിവര്‍ പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടും എന്ന് കളക്ടര്‍ പറഞ്ഞു.
ധനസഹായത്തിനര്‍ഹരായവര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ, തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, റേഷന്‍ കാര്‍ഡ് പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കണം.
ഓഗസ്റ്റ് മാസമുണ്ടായ പ്രളയത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്കുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആദ്യം പരിഗണിക്കുക. ഇതിനു ശേഷം ഭാഗികമായി തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹരം നല്‍കും. വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്ക് 4 ലക്ഷം രൂപയാണ് ധന സഹായം. ഇതില്‍ 95100 രൂപയാണ് ആദ്യ ഗഡുവായി നല്‍കുക.
ചേരാനല്ലൂര്‍ പഞ്ചായത്തിലെ പ്രളയബാധിതരുടെയും ജനപ്രതിനിധികളുടെയും യോഗമാണ് ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്. ജനങ്ങളുടെ സംശയങ്ങള്‍ക്ക് കളക്ടര്‍ മറുപടി നല്‍കി.
യോഗത്തില്‍ ഹൈബി ഈഡന്‍ എം.എല്‍.എ, ഡെപ്യൂട്ടി കളക്ടര്‍ പി.ഡി. ഷീലാദേവി, കണയന്നൂര്‍ തഹസില്‍ദാര്‍ പി.ആര്‍. രാധിക, വില്ലേജ് ഓഫീസര്‍ ഷിനോയ് ജോര്‍ജ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. ആന്റണി, ചേരാനെല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണി ചിക്കു തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: ചേരാനല്ലൂരില്‍ നടന്ന റീബില്‍ഡ് കേരള യോഗത്തില്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള സംസാരിക്കുന്നു.