ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് നിവാസികൾ വർഷങ്ങളായി അനുഭവിച്ചുവരുന്ന യാത്രാദുരിതത്തിന് വിരാമമാകുന്നു. വാർഡിലെ പ്രധാന യാത്രാമാർഗമായ കോൺവന്റ്-കോപ്പായി റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തംഗം അഡ്വ. പി എസ് ഷാജി അനുവദിച്ച 19 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടായ രണ്ട് ലക്ഷം രൂപയുമടക്കം 21 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. 810 മീറ്റർ നീളത്തിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന റോഡിന്റെ ടാറിങ് പ്രവർത്തികൾ വരും ദിവസങ്ങളിൽ ആരംഭിക്കും.