കൊച്ചി: ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായവുമായി കോതമംഗലം വനവികസന ഏജന്‍സി. വനവികസന ഏജന്‍സിയുടെ നേതൃത്വത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നതും വനാതിര്‍ത്തിയില്‍ താമസിക്കുന്നതുമായ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് സാമ്പത്തിക സഹായം നല്‍കുന്നത്.
ആദിവാസി മേഖലയിലെ കുട്ടികള്‍ വിദ്യാലയങ്ങളില്‍ നിന്നും കൊഴിഞ്ഞു പോകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമായും പദ്ധതി നടപ്പിലാക്കുന്നത്. ഇത്തരം വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ മുന്‍ധാരയിലേക്ക് കൊണ്ടുവരേണ്ടത് വനം വകുപ്പിന്റെ ഉത്തരവാദിത്തമാണ്. പൊതു ജനങ്ങളെ കൂടി ഇവരുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഉള്‍ക്കൊള്ളിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഡി. എഫ്. ഒ എസ്. ഉണ്ണികൃഷ്ണന് പറഞ്ഞു. സാമ്പത്തിക സഹായം നല്‍കുന്നതിനായി ആദ്യഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബാങ്ക് അക്കൗണ്ട് എടുത്ത് നല്‍കുകയും ഓരോ വിദ്യാര്‍ത്ഥിക്കും സ്പോണ്‍സറെ കണ്ടെത്തുകയും ചെയ്തു. 500 മുതല്‍ 1000 വരെയുള്ള തുകയാണ് ഓരോ മാസവും വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വഴി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെള്ളക്കയം, മുളളരിങ്ങാട് വന സംരക്ഷണ സമിതിക്ക് കീഴിലുള്ള 43 വിദ്യാര്‍ത്ഥികള്‍ക്കാണ് നിലവില്‍ സാമ്പത്തിക സഹായം നല്‍കുന്നത്. അഞ്ചാം തരം മുതല്‍ ബിരുദം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സഹായം നല്‍കുന്നത്. ഇതിനു പുറമെ വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹിക അവബോധ ക്ലാസ്സുകള്‍, വ്യക്തിത്വ വികസന ക്ലാസ്സുകള്‍ എന്നിവയും വനവികസന ഏജന്‍സിയുടെ കീഴില്‍ നടത്തുന്നുണ്ട്. മത്സര പരീക്ഷകള്‍ക്കായി ഈ വിദ്യാര്‍ത്ഥികളെ ഒരുക്കുന്നതിനായി കോച്ചിംഗ് ക്ലാസ്സുകളും ഏജന്‍സിയുടെ നേതൃത്വത്തില്‍ നടത്താനിരിക്കുകയാണ്.
വനവത്ക്കരണത്തെ സഹായിക്കുന്നതിന് വേണ്ടി വനംവകുപ്പും പ്രാദേശിക മേഖലകളിലെ ജനങ്ങളും ജനപ്രതിനിധികളും ചേര്‍ന്നതാണ് വന സംരക്ഷണ സമിതി. ഇത്തരം സമിതികള്‍ ചേര്‍ന്നതാണ് വന വികസന ഏജന്‍സി.