കൂണ്‍കൃഷിയില്‍ വിജയം കൊയ്ത് വാഴൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍. പഞ്ചായത്തിലെ ചാമംപതാല്‍, കന്നുകുഴി, തള്ളക്കയം, ബ്ലോക്ക് പടി, ഉള്ളായം എന്നീ പ്രദേശങ്ങളിലെ അഞ്ച് കുടുംബശ്രീകള്‍ ചേര്‍ന്നാണ് കൂണ്‍കൃഷി ആരംഭിച്ചത്. അപ്പോളോ ടയേഴ്‌സിന്റെ ജീവകാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കിയ മൂന്നു ലക്ഷം രൂപ വിനിയോഗിച്ചാണ്  കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കൂണ്‍കൃഷിക്ക് തുടക്കം കുറിച്ചത്. ഒരു കുടുംബശ്രീയില്‍ നിന്ന് 20 പേര്‍ എന്ന നിലയില്‍ മൊത്തം അഞ്ച് കുടുംബശ്രീയില്‍ നിന്നായി 100 പേര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സംരംഭം ലഭിച്ചു എന്നത് പദ്ധതിയുടെ നേട്ടമാണ്. കഴിഞ്ഞ ഒരു വര്‍ഷ കാലമായി കൂണ്‍കൃഷിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലായിരുന്നു കുടുംബശ്രീ പ്രവര്‍ത്തകര്‍. ഓരോ യൂണിറ്റും അമ്പതിനായിരം രൂപയോളം ചെലവഴിച്ചാണ് ഷെഡുകള്‍ തയ്യാറാക്കിയത്. ബെഡ് തയ്യാറാക്കലായിരുന്നു അടുത്ത ഘട്ടം. തലേ ദിവസം വൈക്കോല്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത് പിറ്റേന്ന് വെയിലത്ത് ഉണക്കി വൃത്തിയാക്കി എടുത്താണ് ബെഡ് തയ്യാറാക്കുന്നത്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ അനുയോജ്യമായ കാലാവസ്ഥയും മേന്‍മയേറിയ വിത്തും , വൃത്തിയുള്ള ബെഡും  ആവശ്യത്തിന് ജലലഭ്യതയും ഉണ്ടെങ്കില്‍ കൂണ്‍കൃഷി വന്‍ വിജയമാക്കി മാറ്റാമെന്ന് തെളിയിച്ചിരിക്കുകയാണ് വാഴൂരിലെ ഈ വീട്ടമ്മമാര്‍.  ഗുണമേന്മയുള്ള വിത്ത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. ചിപ്പിക്കൂണ്‍ വിഭാഗത്തിലെ ഫ്‌ലോറിഡ എന്ന വിത്തിനമാണ് ഇവര്‍ ഉപയോഗിച്ചിരിക്കുന്നത്. ഏതുതരം ജൈവവസ്തുക്കളിലും  വളരുമെന്നതാണ് ഇതിന്റെ നേട്ടം .
ചിപ്പിക്കൂണിന് കരളിനെ സംരക്ഷിക്കുന്നതിനും റേഡിയേഷനില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനുള്ള കഴിവുമുണ്ടെന്നു പഠനങ്ങള്‍ ഉള്ളതിനാല്‍ കൂണിന്   ബുക്കിംഗ് കൂടുതലാണെന്ന് സിഡിഎസ് അംഗം അനിത അശ്വതി പറഞ്ഞു. വിളവെടുപ്പ് തുടങ്ങിയിട്ട് രണ്ടു മാസം മാത്രമേ ആയിട്ടുള്ളൂ. ബെഡ് ഒരുക്കി 14 ദിവസത്തിനുള്ളില്‍ മുള വന്നു തുടങ്ങും. ഒരു കൂണ്‍ബെഡില്‍നിന്ന് മൂന്നു നാലു പ്രാവശ്യത്തില്‍ കൂടുതല്‍ വിളവെടുക്കാറില്ല.  വിളവെടുപ്പിന്റെ ഉദ്ഘാടനം വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി
 ചെയര്‍മാന്‍ ജോയി മാങ്കുഴി നിര്‍വഹിച്ചു. കൂണ്‍ കൃഷി മികച്ച വരുമാന മാര്‍ഗ്ഗമായി മാറിയതിനാല്‍ കൂടുതല്‍ ബെഡുകള്‍ നിര്‍മ്മിച്ച് കൃഷി വിപുലീകരിക്കാനാണ്  കുടുംബശ്രീ പ്രവര്‍ത്തകരുടെ അടുത്ത ലക്ഷ്യം. ചെറുകിട സംരംഭങ്ങളിലെ നൂതന രീതികള്‍ പരീക്ഷിക്കാനുള്ള ആവേശമാണ്  പത്താം വാര്‍ഡ് മെബര്‍ ഏലിക്കുട്ടി ടീച്ചറുടെ നേതൃത്വത്തിലുള്ള സംഘത്തെ കൂണ്‍കൃഷിയിലേക്കെത്തിച്ചത്.