ഈരയില്‍ക്കടവ് പാടം എന്നറിയപ്പെടുന്ന പുന്നയ്ക്കല്‍ പടിഞ്ഞാറ് അരികുപുറം പാടശേഖരത്തില്‍ വിതമഹോത്സവം നടത്തും. 23 വര്‍ഷങ്ങളായി തരിശു ഭൂമിയായി  കിടന്നിരുന്ന പുന്നയ്ക്കല്‍ – ചുങ്കം പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഒന്നാം വാര്‍ഡിലെ അഞ്ച് പാടശേഖരങ്ങളിലാണ് കൃഷിയിറക്കുന്നത്. പനച്ചിക്കാട് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതയ്ക്കാനുള്ള ഉമ നെല്‍വിത്ത് സൗജന്യമായി നല്‍കും. 10 ഏക്കറുള്ള കുരിവിക്കാട് മൂല പാടശേഖരം, 35 ഏക്കറിലെ ചെല്ലിച്ചിറ പാടശേഖരം, 35 ഏക്കറുള്ള അലമ്പാക്കേരി പാടശേഖരം, 50 ഏക്കറിലെ പുന്നയ്ക്കല്‍ വടക്കുപുറം പാടശേഖരം, 96 ഏക്കറുള്ള പുന്നയ്ക്കല്‍ പടിഞ്ഞാറു കര അരിക് പുറം പാടശേഖരം എന്നിവിടങ്ങളിലാണ് കൃഷിയിറക്കുന്നത.് ജലസേചന വകുപ്പിന്റെ ഭാഗത്തു നിന്നും പുറംബണ്ടു നിര്‍മ്മാണത്തിനും വാച്ചാല്‍ ( ഡ്രെയിനേജ് ) എടുക്കുന്നതിനും കൂടുതല്‍ സഹായങ്ങള്‍ ലഭിച്ചാല്‍ ഒരു നെല്ലും മീനും പദ്ധതി വിജയകരമായി നടപ്പിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.മീനച്ചിലാര്‍ – മീനന്തറയാര്‍ – കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായിട്ടാണ് പാടം ഏറ്റെടുത്ത് കൃഷിയിറക്കുന്നത്. ഈ പ്രദേശത്ത് വേനല്‍ക്കാലത്ത് പാടത്തിലെ  ഓടല്‍പ്പുല്ലിന് തീ പിടിച്ച് ട്രെയിന്‍ ഗതാഗതം  സ്തംഭിക്കുന്നത് പതിവായിരുന്നു. കൃഷി ആരംഭിക്കുന്നതോടെ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.
നദീപുനര്‍സംയോജനപദ്ധതിയുടെ ജനകീയ കൂട്ടായ്മ നേതൃത്വം കൊടുത്ത് ഹരിതകേരളം മിഷനും ഇറിഗേഷന്‍, കൃഷി, വൈദ്യുതി, റവന്യൂ വകുപ്പുകളുടെ സംയോജനത്തിലും സഹകരണത്തിലുമാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. പ്രദേശങ്ങളിലെ കര്‍ഷകരുടെ പൂര്‍ണ്ണമായ സഹകരണമുണ്ട്. നവംബര്‍ 26 ന് രാവിലെ 8.30 ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ വിതമഹോത്സവം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് തരിശുരഹിത വാര്‍ഡായി പ്രഖ്യാപിക്കും.മാങ്ങാനം, ഇരവിനല്ലൂര്‍, കൊല്ലാട് പ്രദേശങ്ങള്‍ സന്ധിക്കുന്ന പൈതൃക പ്രാധാന്യമുള്ള മൂവാറ്റുമുക്കില്‍ നിന്ന് നദിയുടെ പൂര്‍ണ്ണരൂപം കൈക്കൊള്ളുന്ന കൊടൂരാര്‍ കളത്തിക്കടവ് പാലവും കടന്ന് ഈരയില്‍ കടവ്  പാലത്തിലെത്തുന്നതു വരെയുള്ള തെക്കുഭാഗത്ത്  പനച്ചിക്കാട് പഞ്ചായത്തിലുള്ള പാടശേഖരങ്ങള്‍ വിത മഹോത്സവത്തോടെ കതിരണിഞ്ഞു തുടങ്ങും.