വയനാട് ജില്ലയിൽ ആദ്യമായി ദേശീയ ഗുണമേന്മാ പുരസ്കാരം നേടിയ പൊരുന്നന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മെമന്റോയും പ്രശ്‌സതി പത്രവും നൽകി ആദരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി മെമെന്റോ വിതരണം ചെയ്തു. ജീവനക്കാരുടെ സമർപ്പിതവും മാതൃകാപരമായ പ്രവർത്തനവുമാണ് മികച്ച നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രി വികസനത്തിനായി രണ്ട് ലക്ഷം രൂപ വീതം മൂന്നു വർഷങ്ങളിലായാണ് അവാർഡ് തുക ലഭിക്കുക.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി അധ്യക്ഷത വഹിച്ച അനുമോദന ചടങ്ങിൽ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ വി വിജോൾ, സൽമാ മോയിൻ, അംഗങ്ങളായ പി ചന്ദ്രൻ, പി കെ അമീൻ, ഇന്ദിരാ പ്രേമചന്ദ്രൻ, അസീസ് വാളാട്, രമ്യാ താരേഷ്, വി ബാലൻ, എൻഎച്ച്എം വയനാട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈദലവി, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. അനിൽ കുമാർ. ഡോ. കെ സി ശ്രീജ, നഴ്സിങ് സൂപ്രണ്ട് കെ കെ ജലജ എന്നിവർ സംസാരിച്ചു.
