പത്താമത് ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് സെപ്റ്റംബർ 23 ന് ഭാരതീയ ചികിത്സാ വകുപ്പും ദേശീയ ആയുഷ് മിഷനും സംയുക്തമായി ആലപ്പുഴ ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ആയുർവേദത്തിന്റെ പ്രസക്തി അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ആയുർവേദ ദിനത്തിന്റെ ഈ വര്‍ഷത്തെ സന്ദേശം ‘ആയുർവേദം മനുഷ്യർക്കും ഭൂമിക്കും വേണ്ടി’ എന്നതാണ്.

23 ന് രാവിലെ 9 മണിക്ക് ആയുർവേദദിന വിളംബര ഘോഷയാത്ര ഇ.എം.എസ്.സ്റ്റേഡിയത്തിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് കളക്ട്രേറ്റ് അങ്കണത്തിൽ എത്തിച്ചേരുന്ന ഘോഷയാത്ര ജില്ലാ കളക്ടർ അലക്സ് വർഗീസ് സ്വീകരിക്കും. ആയുർവേദദിന ലോഗോ ജില്ലാ കളക്ടർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. ജിജി ജോണിന് കൈമാറും. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി.രാജേശ്വരിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം എച്ച്.സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പെഴ്സണ്‍ കെ.കെ.ജയമ്മ മുഖ്യാതിഥിയാവും. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.ജി. ശ്രീജിനൻ ആയുർവേദ ദിന സന്ദേശം നൽകും.

സമ്മേളനത്തോടനുബന്ധിച്ച് ആരോഗ്യഭക്ഷണ പ്രദർശനം, കാൻസർ ബോധവത്ക്കരണ ക്ലാസ്, വിവിധ കലാരൂപങ്ങളുടെ പ്രദർശനം, യോഗ, നൃത്താവിഷ്കാരം, ക്വിസ് എന്നിവയും സംഘടിപ്പിക്കും.

ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെമ്പാടും ക്ലാസുകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ, കലാരൂപങ്ങൾ, പൊതുപരിപാടികൾ എന്നിവ സംഘടിപ്പിക്കുമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മേധാവി ഡോ.ജിജി ജോൺ അറിയിച്ചു.