ഇരയില്‍ക്കടവ് പാടശേഖരത്തില്‍ നെല്‍കൃഷിക്കും അനുബന്ധ പ്രവര്‍ത്ത നങ്ങള്‍ക്കുമായി 80 ലക്ഷം രൂപ അനുവദിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ഈരയില്‍ക്കടവ് പാടശേഖരത്തില്‍ വിതമഹോ ത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാലുകള്‍, പമ്പ് ഹൗസ്,  പറക്കുഴി,  പുറംബണ്ട് എന്നിവ നിര്‍മ്മിക്കുന്നതിനാണ് തുക അനുവദിക്കുക. മൂന്ന് ലക്ഷം ഹെക്ടറില്‍ നെല്‍കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് നെല്ലിന് ഏറ്റവുമികം വില നല്‍കുന്നത് കേരള സര്‍ക്കാരാണ്. മറ്റിടങ്ങളില്‍ ഒരു കിലോ നെല്ലിന് 17.50 രൂപ നല്‍കുമ്പോള്‍ കേരളത്തില്‍ 25. 50 രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. നവകേരള നിര്‍മ്മാണത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം കൂടി നെല്‍കൃഷിയില്‍ ഉറപ്പാക്കും. പരമ്പരാഗത നെല്‍വിത്ത് ഉപയോഗിച്ച് കൃഷിയിറക്കുന്നവര്‍ക്ക് പതിനായിരം രൂപ അധികമായി നല്‍കും. കൃഷിയിറക്കാതെ പാടങ്ങള്‍ തരിശ് ഇടുന്നവര്‍ക്ക്  നോട്ടീസ് നല്‍കും. ഉടമകള്‍ കൃഷിയിറക്കാത്ത സാഹചര്യത്തില്‍ കൃഷി ചെയ്യാന്‍ താല്പര്യമുളള കര്‍ഷകര്‍ക്ക് അനുവാദം നല്‍കും.  ഈരയില്‍ക്കടവ് പാടശേഖരത്തില്‍ നിന്നും ഹെക്ടറിന് ആറര ടണ്‍ നെല്ലാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നവകേരള നിര്‍മ്മാണം -പുനര്‍ജനി പദ്ധതിയുടെ ഭാഗമായ തൈ വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു. 
പാടശേഖര സമിതി കണ്‍വീനര്‍മാരായ അന്നമ്മ ഷാജി, കെ.പി ഗോപാലന്‍ എന്നിവര്‍ തൈകള്‍ ഏറ്റുവാങ്ങി. പുന്നയ്ക്കല്‍ – ചുങ്കം പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഒന്നാം വാര്‍ഡിലെ അഞ്ച് പാടശേഖരങ്ങളിലാണ് കൃഷിയിറക്കുന്നത്. പനച്ചിക്കാട് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നല്‍കിയ  ഉമ നെല്‍വിത്താണ് വിതച്ചത്. 10 ഏക്കറുള്ള കുരിവിക്കാട് മൂല പാടശേഖരം, 35 ഏക്കറിലെ ചെല്ലിച്ചിറ പാടശേഖരം, 35 ഏക്കറുള്ള അലമ്പാക്കേരി പാടശേഖരം, 50 ഏക്കറിലെ പുന്നയ്ക്കല്‍ വടക്കുപുറം പാടശേഖരം ,96 ഏക്കറുള്ള പുന്നയ്ക്കല്‍ പടിഞ്ഞാറു കര അരിക് പുറം എന്നീ പാടശേഖര സമിതികളാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്.ഹരിതകേരളം മിഷനും ഇറിഗേഷന്‍, കൃഷി, വൈദ്യുതി, റവന്യൂ വകുപ്പുകളുടെ സംയോജനത്തിലും സഹകരണത്തിലുമാണ് പാടശേഖര സമിതികളുടെ പ്രവര്‍ത്തനം.
വിതമഹോത്സ ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മീനച്ചിലാര്‍-മീനന്തലയാര്‍ -കൊടുരാര്‍ പുന:സംയോജന പദ്ധതി കോ-ഓര്‍ഡിനേറ്റര്‍  അഡ്വ. കെ. അനില്‍കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. കൃഷി ഡയറക്ടര്‍ ഡോ.പി.കെ ജയശ്രീ പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ഇ. ആര്‍ സുനില്‍ കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ റെജിമോള്‍ മാത്യു, കൃഷി അസി.എഞ്ചിനീയര്‍ മുഹമ്മദ് ഷെറീഫ് ,കൃഷി ഓഫീസര്‍ റസ്സിയ എ.സലാം, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാര്‍ഡ് അംഗം സി.വി ചാക്കോ സ്വാഗതവും പാടശേഖര സമിതി പ്രസിഡണ്ട് എ.എന്‍ ശശിധരന്‍ നന്ദിയും പറഞ്ഞു.