‘സ്‌പോര്‍ട്‌സ് കേരള ട്രിവാന്‍ഡ്രം മാരത്തോണ്‍ 2018’ ഡിസംബര്‍ ഒന്നിന് കായികവകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഴുവന്‍ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ച് മഹത്തായ കായികസംസ്‌കാരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി എല്ലാവര്‍ഷവും മാരത്തോണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. ‘റണ്‍ ഫോര്‍ റീ ബിള്‍ഡ് കേരള’ എന്നതാണ് 2018ലെ മാരത്തോണിന്റെ മുദ്രാവാക്യം. ഈവര്‍ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണത്തിനാണ് രജിസ്‌ട്രേഷന്‍ ഫീസ് ഉപയോഗിക്കുക. കേരള പുനര്‍നിര്‍മാണം എന്ന ലക്ഷ്യത്തിനായി മറ്റ് സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പാക്കുന്നത്.
നാലുഘട്ടങ്ങളിലായാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തുന്നതരത്തില്‍ ഫാമിലി ഫണ്‍ റണ്‍ ആദ്യം നടത്തും. മത്സരയിനമല്ലാത്ത ഇത് രാത്രി എട്ടിന് ഫ്‌ളാഗ് ഓഫ് ചെയ്യും. പതിനായിരംപേര്‍ ഇതില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 10 കിലോമീറ്റര്‍ റോഡ് റൈസ്, 21.09 കിലോമീറ്റര്‍ ഹാഫ് മാരത്തോണ്‍, 42.19 കിലോമീറ്റര്‍ ഫുള്‍ മാരത്തോണ്‍ എന്നിങ്ങനെയാണ് മത്സരങ്ങള്‍. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകമായാണ് മത്സരങ്ങള്‍. രാത്രി 12ന് തിരുവനന്തപുരം മാനവീയം വീഥിയില്‍ ആരംഭിച്ച് മാനവീയം വേദിയില്‍ സമാപിക്കുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഫാമിലി ഫണ്‍ റണ്ണിന് 500 രൂപ, 10 കിലോമീറ്റര്‍ റണ്ണിന് 600 രൂപ, ഹാഫ് മാരത്തോണിന് 800 രൂപ, ഫുള്‍ മാരത്തോണിന് 1000 രൂപ എന്നിങ്ങനെയാണ് രജിസ്‌ട്രേഷന്‍ നിരക്കുകള്‍. ഈ തുകയോ ഇതില്‍ കൂടുതല്‍ തുകയോ അടയ്ക്കാം.

ഫുള്‍ മാരത്തോണില്‍ വിജയികളാകുന്നവര്‍ക്ക് ഒരുലക്ഷം രൂപയും, ഹാഫ് മാരത്തോണില്‍ വിജയിക്കുന്നവര്‍ക്ക് 50,000 രൂപയും, 10 കിലോമീറ്റര്‍ റണ്ണില്‍ വിജയിക്കുന്നവര്‍ക്ക് 20,000 രൂപയുമാണ് ക്യാഷ് അവാര്‍ഡ്. മത്‌രം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മെഡലും സമ്മാനമായി നല്‍കും. ഫാമിലി ഫണ്‍ റണ്ണില്‍ പൊതുജനങ്ങള്‍, ടെക്‌നോപാര്‍ക്ക്, കര-വ്യോമ-നാവിക സേന, കായികതാരങ്ങള്‍ മുതലായവര്‍ പങ്കാളികളാവും. മാരത്തോണ്‍ നടത്തിപ്പിന് കായികവകുപ്പുമായി സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ ട്രിവാന്‍ഡ്രം റണ്ണേഴ്‌സ് ക്ലബിനെ തെരഞ്ഞെടുത്തിട്ടുണ്ട്.
‘ട്രിവാന്‍ഡ്രം മാരത്തോണി’ന്റെ ലോഗോയും ടീസറും മന്ത്രി പ്രകാശനം ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ കായിക സെക്രട്ടറി ഡോ. എ. ജയതിലക്, കായികയുവജനകാര്യാലയം ഡയറക്ടര്‍ സഞ്ജയന്‍കുമാര്‍ എന്നിവരും സംബന്ധിച്ചു.