പ്രളയം തകര്‍ത്ത കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിന് വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന് 26 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍. വി.എഫ്.പി.സി.കെ യുടെ  17-ാമത് വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനു പുറമെ ശാസ്ത്രീയ കൃഷിരീതിയ്ക്കു വേണ്ടി 7 കോടി രൂപയും അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കുന്നതിന് ഒരു ഹെക്ടറിന് ഒന്നര ലക്ഷം രൂപയും അധിക സഹായം അനുവദിക്കും. ശാസ്ത്രീയ രീതിയില്‍ ജൈവവളം ഉല്‍പ്പാദിപ്പിച്ച് വിപണിയില്‍ എത്തിക്കാന്‍ വി.എഫ്.പി.സി.കെയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്.ഇതിനായി ഒരേക്കര്‍ സ്ഥലം വിട്ടു നല്‍കും. ന•, മേ• എന്നീ പേരുകളിലുള്ള ജൈവ കീടനാശിനികള്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൗണ്‍സില്‍ ഉല്‍പ്പാദിപ്പിക്കും. യൂബര്‍ മാതൃകയില്‍ വിശാലമായ ഒരു നെറ്റ്വര്‍ക്കിങ് സംവിധാനം വിപണിയില്‍ ആരംഭിക്കും. ഈ സംവിധാനത്തിലൂടെ വിഷ രഹിത ഉല്‍പന്നങ്ങള്‍ ഉപഭോക്താവിന് എവിടെ നിന്നും വാങ്ങാന്‍ കഴിയും. വി.എഫ്.പി.സി.കെ യുടെ സംസ്ഥാനത്തുടനീളമുള്ള 284 സ്വാശ്രയവിപണികളൂടെ വിപുലമായ സാധ്യതകള്‍ ഇതിനായി വിനിയോഗിക്കും. ഇത്തരത്തിലുള്ള വിപണി സാധ്യത കര്‍ഷകര്‍ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിനു ശേഷം സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖല ശക്തമായ തിരിച്ചുവരവിന്റ പാതയിലാണ്. തുടര്‍ച്ചയായുണ്ടായ കാലവര്‍ഷക്കെടുതികള്‍ കര്‍ഷകര്‍ക്ക് വന്‍ ആഘാതമാണ് സൃഷ്ടിച്ചിട്ടുളളത്. സര്‍ക്കാരിന്റെ കണക്കു പ്രകാരം 19,000 കോടി രൂപയുടെ നഷ്ടമാണ് കാര്‍ഷിക മേഖലയില്‍ ഉണ്ടായിട്ടുളളത്. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട്  പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ച യു.എന്‍ സംഘത്തിനും കേന്ദ്ര സംഘത്തിനും സമര്‍പ്പിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ ശാസ്ത്രീയമായ പുന:സംഘടനയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വി.എഫ്.പി.സി.കെ യുടെ ഇന്‍ഷുറന്‍സ് സ്‌കീം സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മികച്ച കര്‍ഷകര്‍ക്കുള്ള വി.എഫ്.പി.സി.കെ യുടെ സംസ്ഥാന തല ‘ഹരിതകീര്‍ത്തി’ അവാര്‍ഡുകളും അദ്ദേഹം വിതരണം ചെയ്തു. വി.എഫ്.പി.സി.കെ ആരംഭിക്കുന്ന നാടന്‍ വിത്തുകളുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. തെളളകം ചൈതന്യം പാസ്റ്ററല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. വി.എഫ്.പി.സി.കെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സജി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന ബിനു, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരിക്കുട്ടി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്തംഗം മോളി ലൂയിസ്, ഗ്രാമ പഞ്ചായത്തംഗം തോമസ് പുതുശ്ശേരില്‍, വി.എഫ്.പി.സി.കെ ഡയറക്ടര്‍മാരായ കെ.ആര്‍ മോഹനന്‍ പിള്ള, സിറിള്‍ കുര്യാക്കോസ്, കെ.എന്‍ രാമകൃഷ്ണന്‍, ട്രസ്റ്റ് ബോര്‍ഡംഗങ്ങളായ കെ.ഷംസുദ്ദീന്‍, പി. ജെ ശിവകുമാര്‍,  എ.പ്രദീപന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ റെജിമോള്‍ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.