വയനാട്: കുട്ടികൾക്കായി വിവിധ പദ്ധതികളൊരുക്കി ജില്ലാ കുടുംബശ്രീ മിഷൻ. 2018-19 വർഷത്തിൽ ഇതളുകൾ എന്ന പേരിൽ ജില്ലയിൽ വൈവിദ്ധ്യമാർന്ന പരിപാടികളാണ് കുടുംബശ്രീ ജില്ലാ മിഷൻ നടപ്പാക്കുന്നത്. ബാലസഭ കുട്ടികളുടെ കലാശേഷി വികസനത്തിന് അവസരമൊരുക്കുന്നതിനായി കബനി കലാഗ്രാമം എന്ന പേരിൽ കലാപരിശീലന കേന്ദ്രം നവംബറിൽ പ്രവർത്തനമാരംഭിക്കും. ജില്ലാ-ഗ്രാമ ബാല പഞ്ചായത്തുകൾ, ബാല പാർലമെന്റുകൾ എന്നിവ നടത്തും. പൈതൃകപഠനം, ചരിത്രപഠനം, പ്രളയത്തിന് ശേഷമുള്ള അതിജീവന പരിപാടികൾ, വെള്ളരിപ്പാടം എന്ന പേരിൽ ബാലകൃഷി, മഞ്ചാടി എന്ന പേരിൽ കുട്ടികൾക്കായുള്ള ലൈബ്രറി പ്രവർത്തനം, മഴയുത്സവം, ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ, കായിക മേഖലയിലെ പരിപോഷണ പ്രവർത്തനങ്ങൾക്കായി സ്പൈക്ക്, ക്രിയേറ്റീവ് ശില്പശാലയ്ക്കായി തൂലിക, ഹ്രസ്വചിത്ര നിർമ്മാണത്തിനായി കാപ്സ്യൂൾ, ഡിജ് മാഗ്സ് എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ നിർമ്മാണം, കാഴ്ച എന്ന പേരിൽ ബാല ചലച്ചിത്രോത്സവം, നൈപുണ്യ വികസനത്തിനായി സ്കിൽ ട്രാക്ക്, പഠനബന്ധു എന്ന പേരിൽ ഡ്രോപ്പ് ഔട്ട് തടയുന്നതിന് വേണ്ടിയുള്ള പഠനബന്ധു പരിപാടി, കുന്നിമണി എന്ന പേരിൽ ബാല പത്രിക, കപ്പാസിറ്റി ബിൽഡിംഗ് പരിപാടി തുടങ്ങിയവ ജില്ലയിൽ ഈ വർഷം നടത്തുന്ന പ്രധാന ബാലസഭ പ്രവർത്തനങ്ങളാണ്. സാധാരണക്കാരായ കുട്ടികളുടെ വളർച്ചക്ക് സാധ്യമാകുന്ന നിരവധി പദ്ധതികളാണ് ബാലസഭ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ നടപ്പാക്കി വരുന്നത്. പട്ടിക വർഗ്ഗമേഖലയിലെ കുട്ടികളുടെ പുരോഗതിക്കായി പ്രത്യേക ബാലസഭകൾ രൂപീകരിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ പരിശീലനവും നൽകുന്നുണ്ട്.
